എറണാകുളം: കിഴക്കമ്പലത്ത് വിവിധ ഭാഷ തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. തൊഴിലാളികൾ താമസിക്കുന്ന പ്രദേശത്ത് എത്തിയാണ് പോലീസ് നടപടിയുണ്ടായത്. താമസസ്ഥലങ്ങളിൽ വൻ പോലീസ് സന്നാഹവുമായി എത്തിയാണ് ഇവരെ പിടികൂടിയത്.
ഏകദേശം 150ഓളം വിവിധ ഭാഷ തൊഴിലാളികൾ കസ്റ്റഡിയിലായിട്ടുണ്ടെന്നും ഇതിൽ നിരവധി പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് വിവരം. അഞ്ഞൂറിലധികം പോലീസുകാരെത്തിയാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് ആഘോഷത്തിനിടെ വിവിധ ഭാഷ തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കരോളിനെ സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. തുടർന്ന് ഇവിടേക്കെത്തിയ പോലീസുകാരെ തൊഴിലാളികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒരു പോലീസ് ജീപ്പ് അടിച്ചു തകർത്തതിന് ശേഷമായിരുന്നു കത്തിച്ചത്. മറ്റൊരു വാഹനം പൂർണമായും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നാൽപതോളം തൊഴിലാളികൾ ചേർന്നായിരുന്നു അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അക്രമത്തിൽ അഞ്ചോളം പോലീസുകാർക്ക് സാരമായി പരിക്കേറ്റു. കുന്നത്തുനാട് സിഐ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. പോലീസുകാരിലൊരാളുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കുണ്ട്. രണ്ട് പോലീസുകാർക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നിട്ടുണ്ടെന്നാണ് വിവരം.
അർദ്ധരാത്രി 12 മണിയോടെയായിരുന്നു കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ തർക്കം തുടങ്ങിയത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികളാണ് അക്രമത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. മദ്യപിച്ച തൊഴിലാളികളാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക്ക് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
















Comments