കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച സുനാമി ദുരന്തത്തിന് ഇന്ന് 17 വയസ്. 2004 ഡിസംബർ 26നായിരുന്നു കേരളത്തിലടക്കം സുനാമി വീശിയടിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള 15 രാജ്യങ്ങളിൽ ദുരന്തം വിതച്ച സുനാമി രണ്ടര ലക്ഷത്തോളം ആളുകളുടെ ജീവനാണ് കവർന്നെടുത്തത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളിലായി രണ്ടരലക്ഷം പേരുടെ ജീവനും സ്വത്തുമാണ് സുനാമി തിരകൾ കവർന്നെടുത്തത്.
ഡിസംബർ 25ന് ക്രിസ്മസ് ആഘോഷങ്ങളിൽ മുഴുകി ഉറങ്ങിയവർ ദുരന്തത്തിലേക്കാണ് അടുത്ത ദിവസം കണ്ണു തുറന്നത്. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് മുന്നിലുള്ളതെല്ലാം കടലെടുക്കുന്ന കാഴ്ച വേദനയോടെയാണ് ലോക ജനത നോക്കി നിന്നത്. ഡിസംബർ 26ന് ക്രിസ്തുമസ് ആഘോഷ മയക്കത്തിലായിരിക്കേയാണ് ഇന്തോനേഷ്യയിലെ സമുദ്രാന്തർഭാഗത്ത് പ്രാദേശിക സമയം 7.59ന് ഭൂചലനത്തെ തുടർന്നുള്ള പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിൽ 9.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ചലനം അനുഭവപ്പെട്ട് 7 മണിക്കൂറിനകം പസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലുമായി തിരകൾ ഉൾവലിഞ്ഞശേഷമാണ് അത്യുഗ്രശക്തിയിൽ കരയിലേക്ക് ആക്രമിച്ചുകയറിയത്. ഹിരോഷിമയിൽ പ്രയോഗിച്ച ആണവബോംബിന്റെ 23,000 മടങ്ങ് പ്രഹരശേഷിയുള്ള ഭൂചലനമാണ് സമുദ്രത്തിനടിയിൽ സംഭവിച്ചത്.
ഇന്ത്യയിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവിട ങ്ങളിൽ ആഞ്ഞടിച്ച സുനാമിയിൽ 15,000ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. തമിഴ്നാട്ടിൽ മാത്രം 7,798 പേർ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്കുകൾ സൂചിപ്പി ക്കുന്നത്. കേരളത്തിലാകമാനം 236 ആളുകൾ മരിച്ചുവെന്നാണ് കണക്ക്. കൊല്ലം ജില്ലയിൽ മാത്രം 100ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. കൊല്ലം-ആലപ്പുഴ ജില്ലയിലെ ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ട് കിലോമീറ്റർ ദൂരംവരെ തീരം കടലെടുത്തു. കേരളത്തിൽ മാത്രം 3000 ലേറെ വീടുകളാണ് തകർന്നത്.
30 മീറ്റർ അഥവാ 65 അടി ഉയരത്തിലാണ് ഇന്തോനേഷ്യയിൽ തീരമാലകൾ ഉയർന്നത്. ഇന്തോനേഷ്യയിൽ മാത്രം 1.5 ലക്ഷത്തോളം ആളുകളും ശ്രീലങ്കയിൽ 35,000ത്തോളം ആളുകളും മരിച്ചെന്നാണ് ഔദ്യോഗികമായ കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്താകമാനം 25 ലക്ഷത്തോളം ആളുകളാണ് സുനാമി ദുരന്തത്തിന് ഇരകളായത്. സുനാമി ദുരന്തങ്ങളെ മറികടക്കാൻ അന്താരാഷ്‌ട്ര സമൂഹം 14 ബില്യൺ ഡോളറാണ് ചെലവഴിച്ചത്.
Comments