ന്യൂഡൽഹി : മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്ര സർക്കാർ. സ്ഥാപനത്തിനെതിരെ നിർബന്ധിത മതപരിവർത്തനത്തിന് കേസെടുത്തതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നടപടി. വഡോദര മകർപ്പുരയിലുള്ള സ്ഥാപനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് മതംമാറ്റിയെന്ന പരാതിയിൽ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നു.
മിഷനറീസ് ഓഫ് ചാരിറ്റിയിൽ താമസിക്കുന്ന ഹിന്ദുക്കൾ അടക്കം മറ്റ് മതക്കാരായ പെൺകുട്ടികളെ നിർബന്ധിച്ച് ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾ വായിക്കാൻ നിർബന്ധിക്കുകയും മതപരിവർത്തനം നടത്തുന്നുവെന്നുമായിരുന്നു പരാതി. ഈ വർഷം ഫെബ്രുവരി 10നും ഡിസംബർ ഒൻപതിനുമിടയിലാണ് ഇവരെ മതപരിവർത്തനത്തിന് ഇരയാക്കിയത്. ജില്ലാ സാമൂഹിക സുരക്ഷാ ഓഫീസർ മായങ്ക് ത്രിവേദി ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനൊപ്പം അഗതിമന്ദിരത്തിൽ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് അദ്ദേഹമാണ് സ്ഥാപനത്തിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. ഇതിന് പിന്നാലെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിൽ 20ഓളം ബൈബിളിന്റെ കോപ്പികളും കണ്ടെത്തിയിരുന്നു.
മതവികാരം വ്രണപ്പെടുത്തൽ, നിർബന്ധിച്ച് മതപരിവർത്തനം നടത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മിഷനറീസ് ഓഫ് ചാരിറ്റിയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. മതപരിവർത്തനത്തിന് പുറമെ ഇവിടെ താമസിക്കുന്ന യുവതികളെ ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നുവെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് പെൺകുട്ടികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് തട്ടിച്ച് മതപരിവർത്തനം നടത്തുന്നുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ ബംഗാൾ മുഖ്യമന്ത്രി രംഗത്തെത്തി. 22,000 രോഗികളും ജോലിക്കാരും ഭക്ഷണം പോലും കഴിക്കാതെയാണ് അവിടെ കിടക്കുന്നത് എന്നും മമത ആരോപിച്ചു. കേന്ദ്രം ആർക്കും മാനുഷിക പരിഗണന നൽകുന്നില്ലെന്നാണ് മമത ആരോപിച്ചത്.
















Comments