കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ചന്ദ്രകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് നടൻ ദിലീപ്. തനിക്ക് പലതും പുറത്ത് പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്ന് ദിലീപ് പറഞ്ഞു. ജാമ്യവ്യവസ്ഥ ഉള്ളതുകൊണ്ടു തന്നെ പ്രേക്ഷകരോട് പലതും തുറന്നു പറയാൻ സാധിക്കില്ല. അതിനുള്ള അനുമതി തനിക്കില്ലെന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ വാക്കുകൾ ഇങ്ങനെ ‘ എന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാവർക്കും അറിയാല്ലോ. ജാമ്യത്തിലായതിനാൽ ആരെന്നെ കല്ലെറിഞ്ഞാലും പ്രസ് മീറ്റിൽ വന്നിരിക്കാനോ മീറ്റ് ദ പ്രസ് വിളിക്കാനോ കഴിയില്ല. അതിനൊന്നുമുള്ള അനുമതി എനിക്കില്ല. അതുകൊണ്ട് മാത്രമാണ് പലരും പലത് പറയുമ്പോൾ എനിക്കൊന്നും പ്രതികരിക്കാൻ കഴിയാത്തത്.
എന്റെ പ്രേക്ഷകരോട് സത്യം എന്താണെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയിലാണ് ഞാൻ. ഇതൊക്കെ ഫേസ് ചെയ്ത് പോവുക എന്നല്ലാതെ എന്താണ് ചെയ്യുക. എന്തായാലും ഞാൻ ഹാപ്പിയാണ്. ദൈവം അനുഗ്രഹിച്ച് നമ്മളെ സ്നേഹിക്കുന്ന പ്രേക്ഷകർ കൂടെയുള്ളപ്പോൾ ഞാൻ ഹാപ്പിയാണ്.’ ദിലീപ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാണ് സംവിധായകൻ ചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ദിലീപിന്റെ വീട്ടിൽവെച്ച് സുനിയെ താൻ കണ്ടിട്ടുണ്ടെന്നും ചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
Comments