ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് വധക്കേസിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിലായതായി സൂചന. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്‌റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക.
അനൂപ് അഷ്‌റഫിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. രൺജീത് കൊലക്കേസിൽ സംസ്ഥാനത്തിന് പുറത്തു നടത്തിയ പരിശോധനയിലാണ് മുഖ്യപ്രതികളിലൊരാളായ ആനൂപിനെ പിടികൂടിയത്. ബൈക്കിലെത്തിയ 12 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണിത്. അന്വേഷണ സംഘം ഇതര സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും അന്വേഷണം തുടരുകയാണ്. 12 അംഗസംഘ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് രൺജീത്തിനെ കൊലപ്പെടുത്താനെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.
രൺജീത്ത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മുന്നിൽവെച്ചാണ് വെട്ടിക്കൊന്നത്. ആദ്യം ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തി. തടയാനെത്തിയ അമ്മ വിനോദിനിയെ അക്രമികൾ തള്ളിയിട്ട ശേഷം കഴുത്തിൽ കത്തിവെച്ച് തടഞ്ഞു. 11വയസ്സുകാരിയായ ഇളയമകൾക്ക് നേരെയും അക്രമികൾ വാൾ വാശി. തലയിലും കഴുത്തിലും നെഞ്ചിലും മാരകായുധങ്ങൾ കൊണ്ട് ആഴത്തിലേറ്റ മുറിവുകളാണ് രൺജീത്തിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Comments