മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി ശാസ്ത്രലോകം. അന്നല്‍സ് ഓഫ് അനാട്ടമി എന്ന അക്കാദമിക് ജേണലിലാണ് പുതിയ അവയവം കണ്ടെത്തിയ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പല്ലു കടിക്കുമ്പോഴും ചവയ്‌ക്കുമ്പോഴും കാണാനാകുന്ന താടിയെല്ലിലെ മാസെറ്റര്‍ പേശിയിലാണ് പുതിയ അവയവം കണ്ടെത്തിയിരിക്കുന്നത്.
മാസെറ്റര്‍ പേശിയില്‍ രണ്ട് പാളികളുണ്ടെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ ഇതുവരെയുള്ള നിഗമനം. മൂന്ന് പാളികള്‍ ഉണ്ടെന്ന് ചില ശാസ്ത്രജ്ഞര്‍ സൂചനകള്‍ നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും, ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ബാസല്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത് തെളിവ് സഹിതം കണ്ടെത്തി ലോകത്തെ അറിയിച്ചിരിക്കുന്നത്. ബയോമെഡിസിന്‍ വിഭാഗത്തിലെ ഡോ.സില്‍വിയ മെസെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
ഇതിനായി 12 മൃതശരീരങ്ങളില്‍ നിന്നും തലകള്‍ വേര്‍പെടുത്തിയാണ് പഠനം നടത്തിയത്. വേര്‍പെടുത്തിയ തലകള്‍ ഫോര്‍മാല്‍ഡിഹൈഡ് ലായനിയില്‍ സൂക്ഷിച്ച ശേഷമായിരുന്നു പഠനം. 16 മൃതശരീരങ്ങളില്‍ സിടി സ്‌കാന്‍ ഉപയോഗിച്ചും പരിശോധന നടത്തിയി. ജീവനുള്ള ശരീരത്തിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗവേഷകര്‍ സ്വയം എംആര്‍ഐ സ്‌കാനിന് വിധേയരാവുകയും ചെയ്തു.
തുടര്‍ന്ന് ലഭിച്ച ഫലങ്ങള്‍ തങ്ങളെ അമ്പരപ്പിച്ചുവെന്നാണ് ബാസല്‍സ് സര്‍വ്വകലാശാലയിലെ ഗവേഷക സംഘത്തിലുണ്ടായിരുന്ന പ്രൊഫ.ജെന്‍സ് ക്രിസ്റ്റോഫ് പറഞ്ഞത്. ഇപ്പോള്‍ കണ്ടെത്തിയ മൂന്നാം പാളിക്ക് മാത്രമാണ് താടിയെല്ല് ചെവിയുടെ അടുത്തേക്ക് അടുപ്പിക്കാന്‍ സാധിക്കുന്നത്. മസ്‌കുലസ് മാസെറ്റര്‍ പാര്‍സ് കൊറോനിഡേ എന്നാണ് പുതിയ അവയവത്തിന് ഗവേഷക സംഘം പേര് നല്‍കിയിരിക്കുന്നത്.
















Comments