ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ മാദ്ധ്യമസ്ഥാപനത്തിൽ റെയ്ഡ്. രാജ്യദ്രോഹപരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുവാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് റെയ്ഡ്.റെയ്ഡിൽ ആറുപേർ അറസ്റ്റിലായി.200 ലധികം പോലീസുകാർ ചേർന്നാണ് റെയ്ഡ് നടത്തിയത്. സ്റ്റാൻഡ് ന്യൂസിൽ ഇപ്പോൾ ജോലി ചെയ്യുന്നവരും മുൻജീവനക്കാരുമടക്കം ആറുപേരാണ് അറസ്റ്റിലായത്.
സ്റ്റാൻഡ് ന്യൂസിന്റെ നിലവിലെ ചീഫ് എഡിറ്റർമാരും മുൻ ചീഫ് എഡിറ്റർമാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കൂടാതെ മുൻ ബോർഡ് അംഗമായിരുന്ന, പോപ്പ് താരവും പിന്നീട് ഡെമോക്രസി ഐക്കണുമായി മാറിയ ഡെനിസ് ഹോയും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.ഇതേ കുറ്റത്തിന് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വെസ്റ്റേൺ ഡിസ്ട്രിക്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. 34 -നും 73 -നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടവർ
അതേസമയം മാദ്ധ്യമസ്ഥാപനത്തിലെ വാർത്താ സാമഗ്രികൾ പരിശോധിച്ച് പിടിച്ചെടുക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ഹോങ്കോങ്ങ് പോലീസ് വ്യക്തമാക്കി.ഇത് ആദ്യമായല്ല ഹോങ്കോങ്ങിൽ റെയ്ഡ് നടത്തി മാദ്ധ്യമസ്ഥാപനങ്ങൾ പൂട്ടിക്കുന്നത്.ഇതിന് മുൻപ് ആപ്പിൾ ഡെയിലി എന്ന മാദ്ധ്യമസ്ഥാപനത്തിൽ നൂറ് കണക്കിന് പോലീസുകാർ റെയ്ഡ് നടത്തി സ്ഥാപനം പൂട്ടിച്ചിരുന്നു.
ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഹോങ്കോങ് ഭരണകൂടം നഗരത്തിൽ ഉയർന്നുവരുന്ന എതിർ ശബ്ദങ്ങളെ അടിച്ചമർത്തുകയാണ്.പുതിയ വിവാദ നിയമം വിഭജനം, അട്ടിമറി, വിദേശ ശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവ ക്രിമിനൽ കുറ്റമാക്കുന്നു. കൂടാതെ പരമാവധി ജീവപര്യന്തം തടവുശിക്ഷയും ലഭിക്കും. ഇത് പ്രകാരം പ്രതിഷേധിക്കുന്നവരെയും ആക്ടിവിസ്റ്റുകളെയും ശിക്ഷിക്കുന്നത് എളുപ്പമാക്കുകയും ചെയ്തതായി വിമർശകർ ആരോപിച്ചു.
Comments