മലപ്പുറം: എസ്ഡിപിഐ വർഗീയ ശക്തിയെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുസ്ലീം ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും തീവ്ര നിലപാടുകൾ പരാമർശിക്കവേയാണ് എസ്ഡിപിഐയുടെ കാര്യവും മുഖ്യമന്ത്രി സമ്മതിച്ചത്. ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് മതനിരപേക്ഷമല്ല. പക്ഷെ അവർ പൊയ്മുഖങ്ങൾ കാണിക്കാൻ ശ്രമിക്കും. അത് ആളുകൾക്ക് മനസിലായിത്തുടങ്ങി.
എസ്ഡിപിഐ മറ്റൊരു വർഗീയ ശക്തിയാണ്. വിവിധ പ്രദേശങ്ങളിൽ ബോധപൂർവം വർഗീയ പ്രചാരണം നടത്തുന്നു. ഈ ശക്തികൾ ആഗ്രഹിക്കുന്നത് സമൂഹ നന്മയല്ല. കഴിയുമെങ്കിൽ വർഗീയ കലാപത്തിന് കോപ്പ് കൂട്ടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സർക്കാരാണ് സംസ്ഥാനത്തെന്നും പിണറായി അവകാശപ്പെട്ടു.
മുസ്ലീം ലീഗ് തീവ്ര വർഗീയ നിലപാട് ഏറ്റെടുത്തിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കിയണിയുകയാണ് ലീഗെന്ന് അദ്ദേഹം ആരോപിച്ചു. തീവ്ര വർഗീയതയുടെ കാര്യത്തിൽ എസ്.ഡി.പി.ഐയോട് മൽസരിക്കുകയാണ് ലീഗ്. പഴയ കാലമല്ല ഇതെന്ന് ലീഗ് നേതൃത്വം മനസിലാക്കണം. നുണ പ്രചരിപ്പിച്ചാൽ വേഗം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു രാഷ്‌ട്രീയ പാർട്ടി എന്ന നിലയ്‌ക്ക് നിലപാട് സ്വീകരിക്കാൻ ലീഗിനാവുന്നില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജനങ്ങളെ തെറ്റായ രീതിയിലല്ല അണി നിരത്താൻ നോക്കേണ്ടത് മുൻപും ലീഗ് ഇതിന് ശ്രമിച്ചിട്ടുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടത് നിയമസഭയിൽ പരോക്ഷമായി ലീഗ് സമ്മതിച്ചിരുന്നു. ഇപ്പോൾ അതിനെ എതിർത്ത് രംഗത്തെത്തി. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടരുതെന്ന് മാത്രമാണ് പറഞ്ഞത്. വഖഫ് ബോർഡിൽ നിയമനം പിഎസ്സി വഴി മതിയെന്ന തീരുമാനം ബോർഡ് തന്നെയാണ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ഘട്ടത്തിലും വർഗീയതയുമായി ഒത്തുകളിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്.അതിന്റെ ഭാഗമായി നേട്ടമുണ്ടാക്കാനാവുമെന്ന് അവർ കരുതി.പക്ഷേ കോൺഗ്രസിന് അതിന് കഴിഞ്ഞില്ല.സ്വയം വിനാശത്തിലേക്ക് അവർ പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
















Comments