ജനീവ : കൊറോണ വൈറസിന്റെ വകഭേദങ്ങളുടെ വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകത്ത് കൊറോണ സുനാമിയുണ്ടാകുമെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആഗോള തലത്തിൽ കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിൽ കൊറോണയുടെ ഡെൽറ്റ, ഒമിക്രോൺ എന്നീ വകഭേദങ്ങളാണ് കൂടുതൽ രോഗികളെ സൃഷ്ടിക്കുന്നത്. ഇരു വകഭേദങ്ങളുടെയും വ്യാപനം ലോകത്ത് കൊറോണ സുനാമിയ്‌ക്ക് കാരണമാകും. ഇത് തുടർന്നാൽ നിലവിലെ ആരോഗ്യ സംവിധാനങ്ങൾ തകരും. വീണ്ടും ജനങ്ങളുടെ ജീവിതവും, ഉപജീവനവും സങ്കീർണമാകുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതും, പൊതുജനാരോഗ്യ-സാമൂഹിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും സ്ഥിതി വഷളാകുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇരട്ട ഭീഷണികൾക്ക് നടുവിലാണ് ലോമെന്നും അദ്ദേഹം ആശങ്കപ്രകടിപ്പിച്ചു.
ഒമിക്രോൺ, ഡെൽറ്റ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകത്ത് കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഏഴ് ദിവസമായി ഒൻപത് ലക്ഷമാണ് പ്രതിദിന കൊറോണ കേസുകളുടെ എണ്ണം.
















Comments