തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി അനീഷിന്റെ കുടുംബം. കൊലപാതകം ആസൂത്രിതമാണെന്ന് അനീഷിന്റെ മാതാപിതാക്കൾ പറഞ്ഞു. അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം അനീഷ് പെൺകുട്ടിയ്ക്കും കുടുംബത്തിനും ഒപ്പം പുറത്തുപോയി. അനീഷിന് പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും മാതാപിതാക്കൾ പറയുന്നു.
പെൺകുട്ടിയുടെ വീടിന് സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും സമീപവാസികൾ സംഭവം അറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോഴാണ്. നിലവിളിയോ ഒന്നും തന്നെ പുറത്തു കേട്ടില്ലെന്ന് അയൽവാസികൾ പറയുന്നു. പോലീസ് എത്തുമ്പോൾ വീട്ടിന്റെ രണ്ടാം നിലയിലെ ഹാളിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു അനീഷ് ജോർജ്ജ്. പോലീസാണ് അനീഷിന്റെ വീട്ടിലും വിവരം അറിയിക്കുന്നത്. ആദ്യം അപകടമരണം എന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കാര്യങ്ങൾ പറയുകയായിരുന്നു.
പള്ളിയിലെ ഗായക സംഘത്തിൽ അനീഷും യുവതിയും അംഗങ്ങളാണ്. എന്നാൽ ഇരുവർക്കും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് വിവരം. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണ് സൈമണും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. താഴത്തെ നിലയിൽ വാടകയ്‌ക്ക് താമസിക്കുന്നവർ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ഇവിടെ നിന്ന് മുക്കാൽ കിലോമീറ്റർ മാറിയാണ് അനീഷിന്റെ വീട്.
പുലർച്ചെ മുറിയിൽ സംസാരം കേട്ട് സൈമൺ വാതിലിൽ മുട്ടിയെങ്കിലും പെൺകുട്ടി വാതിൽ തുറന്നല്ല. തുടർന്ന് ബലം പ്രയോഗിച്ച് കതക് തുറന്നപ്പോൾ അനീഷുമായി കയ്യേറ്റം ഉണ്ടായെന്നും കത്തികൊണ്ട് കുത്തിയെന്നുമാണ് പോലീസ് പറയുന്നത്. ഹോട്ടൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന ജോർജ്ജിന്റേയും ഡോളിയുടേയും മകനായ അനീഷ് നാലാഞ്ചിറ ബഥനി കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിയാണ്.
















Comments