ന്യൂഡൽഹി: ഹത്രാസ് വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആസൂത്രണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സിദ്ധിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്ത കേസിൽ നിർണായക മൊഴി നൽകിയ മലയാളി മാദ്ധ്യമ പ്രവർത്തകർക്കെതിരെ സംഘടിത നീക്കം. മലയാള മനോരമ പാട്‌ന ലേഖകൻ വി.വി ബിനു, ഓർഗനൈസർ എക്‌സിക്യൂട്ടീവ് എഡിറ്റർ ജി ശ്രീദത്തൻ എത്തിവർക്കെതിരെയാണ് പ്രചാരണം. ദേശാഭിമാനിയും, തേജസ് ഓൺലൈനും അടക്കമുള്ള മാദ്ധ്യമങ്ങളാണ് വ്യാജ പ്രചാരണവുമായി രംഗത്തെത്തിയത്.
സിദ്ധിഖ് കാപ്പൻ കേസിൽ യുപി ഭീകരവാദവിരുദ്ധ സേനയ്‌ക്ക് രണ്ട് മാദ്ധ്യമ പ്രവർത്തകരും മൊഴി നൽകിയിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് ഭീഷണി ശക്തമായത്. പിഎഫ്‌ഐയുടെ ഭീഷണി മൂലം പാട്‌നയിൽ നിന്ന് നോയിഡയിലേയ്‌ക്ക് എത്താനാവില്ലെന്ന് വി.വി ബിനു യുപി പോലീസിനെ അറിയിച്ചിരുന്നു. കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട എഫ്‌ഐആറിലെ കൂടുതൽ വിവരങ്ങൾ ന്യൂസ് ലോണ്ട്രി വെബ്‌സൈറ്റലൂടെയാണ് പുറത്ത് വന്നത്.
കാപ്പനും, പിഎഫ്‌ഐയുമായി ബന്ധമുള്ളവരും രാജ്യത്തുടനീളം വർഗീയകലാപം ആസൂത്രണം ചെയ്യുന്നവരാണെന്ന തന്റെ മെയിൽ മൊഴിയായി കണക്കാക്കണം എന്ന് ബിനു അന്വേഷണ ഉദ്യോഗസ്ഥരോട് ഫോണിൽ പറഞ്ഞതായും യുപി പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിന്റെ സെക്രട്ടറി ആയിരിക്കെ കാപ്പൻ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ബിനുവിന്റെ മൊഴിയിൽ നിന്നും വ്യക്തമാണ്.
ദേശീയ അഖണ്ഡത തകർക്കുന്നതിനും സാമുദായിക സൗഹാർദ്ദത്തിന് ഭീഷണിയുയർത്തുന്ന തരത്തിൽ വർഗീയ കലാപമുണ്ടാക്കാനും വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും കാപ്പൻ ശ്രമിച്ചു. 2019ൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളെ കുറിച്ചും, ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തെക്കുറിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിൽ കാപ്പന് പങ്കുണ്ടെന്നാണ് ബിനുവിന്റെ മെയിലിൽ പറയുന്നത്.
















Comments