തിരുവനന്തപുരം: നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ചാൻസിലറുടെ പദവിയും അവകാശവും പ്രോ ചാൻസിലർക്ക് നൽകാൻ തയ്യാറാണ്.ആരോടും വിരോധമോ അഭിപ്രായ ഭിന്നതയോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് പറയുന്നവർ എന്തിന് വീണ്ടും ആ പദവി വഹിക്കാൻ ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം ചോദിച്ചു.സർവ്വകലാശാകളുടേയും സർക്കാരിന്റെയും ഭാഗത്ത് പല വീഴ്ചയും ഉണ്ടായിട്ടുണ്ട്. അത് താൻ തുറന്നു പറയുന്നില്ല.. വിമർശനങ്ങൾക്കും പരിധിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹമാദ്ധ്യമങ്ങളിലൂടെ പാർട്ടികളും യുവജന സംഘടനകളും തന്നെ വിമർശിക്കുകയാണ് ഇത് മര്യാദയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സർവ്വകലാശാലകളിൽ അനിശ്ചിതാവസ്ഥ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഇനി ചർച്ചയ്‌ക്കില്ലെന്നും നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു സർവ്വകലാശാലയ്‌ക്ക് അനുമതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും നടപ്പാക്കാത്തത് വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കണ്ണൂർ സർവ്വകലാശാല നിയമനവുമായി ബന്ധപ്പെട്ട പരാതികളിൽ ഹൈക്കോടതി അയച്ച നോട്ടീസ് കൈപ്പറ്റാൻ ഗവർണർ വിസമ്മതിച്ചിരുന്നു.ചാൻസിലർക്കാണ് നോട്ടീസ് അയച്ചതെന്നും എട്ടാം തീയതി മുതൽ ചാൻസിലർ പദവി വഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
















Comments