തിരുവനന്തപുരം: പുതുവർഷ പ്രാർത്ഥനയ്‌ക്ക് ക്രൈസ്തവ വിശ്വാസികളെ പള്ളിയിൽ പോകാൻ അനുവദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
കേരളത്തിലെ ക്രൈസ്തവർ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവർഷാരംഭ പ്രാർത്ഥന പിണറായി സർക്കാറിന്റെ പിടിവാശി കാരണം ഉപേക്ഷിക്കേണ്ടി വരുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു വിഭാഗത്തോട് കാണിക്കുന്ന വിവേചനം വിവേകരഹിതമാണെന്നും അദ്ദേഹം ആരോപിച്ചു.
ക്രൈസ്തവർ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുന്ന പ്രധാനപ്പെട്ട ചടങ്ങ് പിണറായി സർക്കാറിന്റെ കടുംപിടുത്തം മൂലം ഇല്ലാതാകുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.രാത്രി പത്തിന് ശേഷമുള്ള യാത്രയ്‌ക്ക് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മൂലമാണ് ക്രൈസ്തവർക്ക് ഈ ദുരവസ്ഥ ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാത്രി പത്തിന് ശേഷമാണ് മിക്ക ദേവാലയങ്ങളിലും പുതുവർഷാരംഭ പ്രാർത്ഥന നടത്തുന്നത്.ചിലയിടങ്ങളിൽ പാതിരാത്രിയിലാണ് പ്രാർത്ഥന നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സർക്കാർ ഇതിനൊരു പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
















Comments