ഹൈദരാബാദ് : ഫ്‌ളൈ ഓവറിന് മുകളിൽ അനധികൃതമായി കൊടികളും കട്ട് ഔട്ടുകളും സ്ഥാപിച്ച സംഭവത്തിൽ ഒവൈസിയുടെ എഐഎംഐഎമ്മിന് പിഴയിട്ട് ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ. 15,000 രൂപയാണ് പാർട്ടിയ്‌ക്ക് പിഴ ചുമത്തിയത്. പിഴയൊടുക്കിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി.
എപിജെ അബ്ദുൾ കലാം ഫ്‌ളൈ ഓവറിന് മുകളിലാണ് പാർട്ടി പ്രവർത്തകർ കൊടികളും കട്ട് ഔട്ടുകളും സ്ഥാപിച്ചിരുന്നത്. ഒവൈസിയുൾപ്പെടെയുള്ള നേതാക്കളുടെ കട്ട് ഔട്ടുകളാണ് ഫ്‌ളൈ ഓവറിന് മുകളിൽ യാത്രക്കാർക്ക് അപകടമാകുന്ന വിധത്തിൽ സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തിൽ മുനിസിപ്പൽ കോർപ്പറേഷന്റെ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് വിജിലൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഭാഗമാണ് പിഴ ചുമത്തിയത്.
കോർപ്പറേഷനിൽ നിന്നും അനുമതിയില്ലാതെയാണ പാർട്ടി കൊടികൾ സ്ഥാപിച്ചതെന്ന് കോർപ്പറേഷൻ എഐഎംഐഎം ജനറൽസെക്രട്ടറിയ്‌ക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു. ഇതിന് പുറമേ ജിഎച്ച്എംസി നിയമത്തിന്റെ ലംഘനമാണ് പാർട്ടി നടത്തിയിരിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. നിയമപ്രകാരം പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലേ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലോ വഴിയരികിൽ ഒന്നും സ്ഥാപിക്കാൻ പാടില്ല.
ജിഎച്ച്എംസി നിയമത്തിലെ 402, 412, 674, 487, 569, എന്നീ വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയത്.
Comments