തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയെ വിമർശിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലൈഫ് പദ്ധതിയേയും സൗജന്യ കിറ്റ് വിതരണത്തേയും പൊളിക്കാനിറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സിൽവർ ലൈനിനെതിരെ ഗൂഢപ്രവർത്തനങ്ങൾ നടത്തുകയാണ്. ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർലൈനെന്നും പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ കോടിയേരി വിമർശിച്ചു.
വിമോചന സമര മാതൃകയിൽ എൽഡിഎഫ് സർക്കാരിനെതിരെ എല്ലാവരും കൈകോർക്കുകയാണ്. പ്രതിലോമ രാഷ്‌ട്രീയത്തെ പരാജയപ്പെടുത്താൻ സിപിഎം പ്രത്യേക കാംപെയിൻ നടത്തും. ഹൈസ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ച യുഡിഎഫ് സെമി ഹൈസ്പീഡ് പദ്ധതിയായ സിൽവർ ലൈനെ എതിർക്കുന്നത് ഇരട്ടത്താപ്പാണ്. വിശദ പദ്ധതിരേഖ വേണമെന്ന് പറയുന്ന പ്രതിപക്ഷം ആ രേഖ വരുംമുൻപ് എന്തിന് പദ്ധതിയെ തള്ളിപ്പറയുന്നു. പദ്ധതി യാഥാർത്ഥ്യമായാൽ യുഡിഎഫ്-ബിജെപി ബഹുജനാടിത്തറയിൽ ചോർച്ച ഉണ്ടാകുമെന്ന ആശങ്കയാണ് ഇവരെ സമരത്തിന് പ്രേരിപ്പിക്കുന്നത്.
കേന്ദ്രം യുപിയിൽ ഉൾപ്പെടെ നടപ്പാക്കുന്ന അതിവേഗ റെയിൽ പദ്ധതികൾക്കെതിരെ രാഹുലോ പ്രിയങ്കയോ കോൺഗ്രസ് നേതാക്കളോ ഒരു സത്യാഗ്രഹവും നടത്തുന്നില്ല. കേന്ദ്ര അവഗണനയെ സ്വന്തം പദ്ധതികൊണ്ട് ചെറുക്കുന്ന കേരള സർക്കാരിനെ പിന്തുണയ്‌ക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്റെയും കടമയാണ്. കേരളത്തെ ഒന്നിച്ചു കൊണ്ടുപോയി വികസനപദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാരിന് താൽപ്പര്യമെന്നും ലേഖനത്തിൽ കോടിയേരി പറയുന്നു.
















Comments