പാലക്കാട് : അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേവികൾ. നളിനിയിലെ മഹാകവി കുമാരനാശാന്റെ ഈ വരികൾ ജീവിതത്തിലുടനീളം പകർത്തി മുന്നോട്ടുപോകുകയാണ് ബിജെപി വാർഡ് മെമ്പർ പ്രീത. അഗതിമന്ദിരത്തിൽ കഴിയുന്ന അമ്മാളുക്കുട്ടിയമ്മയ്‌ക്കായി നിർമ്മിക്കുന്ന വീടിന് തന്റെ ഓണറേറിയം നൽകി കഷ്ടനഷ്ടങ്ങൾക്കിടയിലും പ്രീത തന്റെ ജീവിതം കൂടുതൽ ധന്യമാക്കുന്നു.
കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡ് മെമ്പറാണ് പ്രീത. സാധാരണയിൽ സാധാരണക്കാരായ കുടുംബം. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഇവർ ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻപെടുന്നത് ചില്ലറ പാടൊന്നുമല്ല.
ഇരുചക്രവാഹനത്തിന് പെട്രോൾ അടിയ്‌ക്കാൻ പോലും ചിലപ്പോൾ പ്രീതയുടെ കയ്യിൽ പണമുണ്ടാകില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അടവുകാർ പണം ആവശ്യപ്പെടുമ്പോൾ അത് നൽകാനില്ലാത്തതിനാൽ അവരോടും കലഹിക്കും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്നും ഇത് പ്രീതയെ പിന്നോട്ട് വലിക്കാറില്ല. കീറിയ പഴ്‌സിനുള്ളിലെ നാണയത്തുട്ടുകൾ കൂട്ടി നോക്കി പലപ്പോഴും പാവപ്പെട്ടവരെ ഓട്ടോ കയറ്റി വിടുന്ന പ്രീതയെ നാട്ടുകാർ കണ്ടിട്ടുണ്ട്.
പ്രീതയുടെ വാർഡിലാണ് അഗതി മന്ദിരത്തിൽ കഴിയുന്ന അമ്മാളുക്കുട്ടിയമ്മക്ക് മെമ്പറുടെയും രണ്ടാം വാർഡ് വികസന സമിതിയുടേയും നേതൃത്വത്തിൽ വീടൊരുങ്ങുന്നത്. ബെൽറ്റ് വാർപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് തന്റെ മൂന്ന് മാസത്തെ ഓണറേറിയമായ 25,000 രൂപ പ്രീത അമ്മാളുക്കുട്ടിയമ്മയ്‌ക്ക് കൈത്താങ്ങാവുന്നത്.
വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി വാർഡ് വികസന സമിതിക്ക് നൽകാൻ ബിജെപി കേരളശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ വി സി ബാലകൃഷ്ണനേയും ജനറൽ സെക്രട്ടറി ശ്രീ രവീന്ദ്രനേയും മാണ് പ്രീത തുക ഏൽപ്പിച്ചത്. കയ്യിൽ ഒന്നും ഉണ്ടായിട്ടല്ലെന്നും , തന്റെ വാർഡിലെ ഒരു നല്ല കാര്യത്തിന് കഴിയുന്നത് ചെയ്യേണ്ടേയെന്നും പ്രീത പറയുന്നു. പകരം വയ്‌ക്കാനില്ലാത്തതാണ് ഈ വാക്കുകൾ.
















Comments