കോഴിക്കോട്: തകരാത്ത റോഡിൽ പിഡബ്ല്യൂഡി വകുപ്പിന്റെ അറ്റകൂറ്റപ്പണി. കോഴിക്കോട് ഒഴുക്കരയിൽ റോഡ് പണി നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് റോഡ് പണിക്കായി നിരത്തിയ മെറ്റൽ എടുത്തുമാറ്റി. കരാറുകാർക്ക് സ്ഥലം മാറിപ്പോയി എന്നാണ് പിഡബ്ല്യൂഡി നൽകിയ വിശദീകരണം.
വിള്ളൽ പോലുമില്ലാത്ത റോഡിലാണ് പിഡബ്ല്യൂഡി വകുപ്പിന്റെ അറ്റകൂറ്റപ്പണി. റോഡിൽ 17 മീറ്ററോളം നീളത്തിലാണ് മെറ്റൽ നിരത്തിയത്. റോഡിലെ കുഴി അടക്കാനാണ് അറ്റകൂറ്റപ്പണി നടത്തുന്നതെന്ന് പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മെറ്റൽ നിരത്തിയ സ്ഥലത്ത് കുഴികൾ ഒന്നും തന്നെ ഇല്ലായിരുന്നു.
സംഭവത്തെ തുടർന്ന് നാട്ടുകാർ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചു. എന്നാൽ സംഭവത്തിൽ അവർ കൈമലർത്തി. ഉന്നത അധികാരകളും കരാറുകാരും തമ്മിലുള്ള വൻ കൊള്ളയാണിതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കുഴി പോലുമില്ലാത്ത പല ഭാഗങ്ങളും പിഡബ്ല്യൂഡി ഇത്തരത്തിൽ ടാർ ചെയ്തിട്ടുണ്ട്. മൂന്ന് വർഷം മുൻപ് ടാർ ചെയ്ത റോഡിൽ ഒന്ന് രണ്ട് ഇടങ്ങളിൽ മാത്രമാണ് പൊളിഞ്ഞിട്ടുള്ളത്. അവിടെയെല്ലാം നീളത്തിൽ മെറ്റൽ നിരത്തി ടാർ ചെയ്ത് വൻ അഴിമതി കാണിക്കുകയാണ് പിഡബ്ല്യൂഡി വകുപ്പ് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇക്കാര്യം ഉന്നത അധികാരികളെയും ഓവർസീയറെയും അറിയിച്ചിരുന്നു. അവരുടെ നിർദ്ദേശ പ്രകാരം നാട്ടുകാരുടെ ചിലവിലാണ് മെറ്റൽ നീക്കം ചെയ്തത്.
















Comments