കൊച്ചി: ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം മേപ്പടിയാന്റെ റിലീസനോട് അനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിച്ച് അണിയറ പ്രവർത്തകർ. വിഷ്ണു മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 14നാണ് തീയറ്ററുകളിൽ എത്തുന്നത്. ജനുവരി 10 വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
കാസർകോട് നിന്നും തിരുവനന്തപുരം വരെയാണ് റോഡ് ഷോ. ഒരു എൽഇഡി വാഹനവും, രണ്ട് മേപ്പടിയാൻ ബ്രാൻഡഡ് വാഹനങ്ങളുടെയും അകമ്പടിയോടെയാണ് യാത്ര. വിവിധ ജില്ലകളിലെ ഉണ്ണി മുകുന്ദൻ ആരാധകരും ഷോയിൽ പങ്കുചേരും. മേപ്പടിയാന്റെ ട്രെയിലർ, പാട്ടുകൾ എന്നിവ എൽഇഡി വാഹനത്തിൽ കാണിക്കും. ഇതോടൊപ്പം സമ്മാനങ്ങളും വിതരണം ചെയ്യും. റോഡ് ഷോയിൽ ഉണ്ണി മുകുന്ദനൊപ്പം മറ്റ് താരങ്ങളും പങ്കെടുക്കും.
മൂന്ന് വർഷത്തെ ഇളവേളയ്‌ക്ക് ശേഷമാണ് ഉണ്ണി മുകുന്ദൻ നായകനാകുന്ന ഒരു ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്. ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാനിലൂടെ പറയുന്നത്. ഈരാറ്റുപേട്ട, പാല, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്.
വർക്ക് ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, സ്മിനു, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.നീൽ ഡി. കുഞ്ഞയാണ് ഛായാഗ്രഹണം.
Comments