റായ്പൂർ : ഛത്തീസ്ഗഡിൽ അടൽ ബിഹാരി വാജ്‌പേയ് തെർമൽ പവർപ്ലാന്റിലെ തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം. സംഭവത്തിൽ 22 പോലീസുകാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
ഛത്തീസ്ഗഡ് സ്റ്റേറ്റ് പവർ കമ്പനിയിലെ കരാർ തൊഴിലാളികളുടെ നേതൃത്വത്തിലാണ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇവിടുത്തെ കരാർ തൊഴിലാളികളും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. തങ്ങളുടെ നിയമനം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ പ്ലാന്റിന് പുറത്ത് പ്രതിഷേധം തുടരുകയാണ്. ഇതാണ് ഇന്നലെ രാത്രിയോടെ സംഘർഷത്തിലേക്ക് വഴിമാറിയത്.
വിഷയം വിശദമായി ചർച്ച ചെയ്യാൻ നാളെ അധികൃതരമായി കൂടിക്കാഴ്ച നടത്താൻ ഇരിക്കേയാണ് സംഘർഷം ഉണ്ടായത്. കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിൽ പ്ലാന്റിന് മുൻപിലെ പ്രതിഷേധം അവസാനിപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു വിഭാഗം ഇത് അനുസരിച്ചെങ്കിലും മറ്റൊരു വിഭാഗം പ്രതിഷേധം അവസാനിപ്പിക്കാൻ വിസമ്മതിച്ചു. ഇവരെ ബലം പ്രയോഗിച്ച് മാറ്റാനുള്ള പോലീസിന്റെ നീക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.കൂടുതൽ പോലീസ് എത്തിയാണ് പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു പോലീസ് വാഹനം അക്രമികൾ കത്തിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്ലാന്റിന് മുൻപിൽ അതീവ ജാഗ്രതയിലാണ് പോലീസ്.
















Comments