മലപ്പുറം: മിശ്രവിവാഹവും ലിവിങ് ടുഗെതറും സാർവത്രികമാക്കാനും അതുവഴി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനും കമ്മ്യൂണിസവും യുക്തിവാദികളും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് സമസ്ത നേതാവ് ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. കേവലം ഭരണകർത്താക്കളായി കളം നിറയുക എന്നതിലപ്പുറം തങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും, മത നിരാസം വളർത്തുന്നതിനുമുള്ള അവരുടെ ആസൂത്രിത നീക്കങ്ങളെ തിരിച്ചറിയാതെ പോകരുതെന്നും അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സമസ്ത നേതാവിന്റെ ആരോപണങ്ങൾ.
ലോകത്ത് കമ്യൂണിസ്റ്റുകൾ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വർത്തമാനവും വിലയിരുത്തിയാൽ ഇക്കാര്യം ബോധ്യപ്പെടും. മുൻപേ അതിന്റെ ഭവിഷ്യത്തുകൾ സംബന്ധിച്ച് രണ്ട് നൂറ്റാണ്ട് മുൻപ് കേരളീയ മുസ്ലീങ്ങളുടെ മത-രാഷ്‌ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സമസ്ത നേതാവ് ആരോപിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,
മിശ്രവിവാഹവും ലിവിങ് ടുഗെതറും സാർവത്രികമാക്കാനും അതുവഴി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനുമുള്ള കമ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂർവ ശ്രമങ്ങളെ നാം ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്.
കേവലം ഭരണകർത്താക്കളായി കളം നിറയുക എന്നതിലപ്പുറം തങ്ങൾ വിഭാവനം ചെയ്യുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും വളയമില്ലാതെ ചാടുന്നതിനും മത നിരാസം വളർത്തുന്നതിനുമുള്ള അവരുടെ ആസൂത്രിത നീക്കങ്ങളെ നാം തിരിച്ചറിയാതെ പോകരുത്. ലോകത്ത് കമ്യൂണിസ്റ്റുകൾ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വർത്തമാനവും വിലയിരുത്തിയാൽ ഇക്കാര്യം സുതരാം ബോധ്യപ്പെടുന്നതുമാണ്.
കേരളീയ മുസ്ലിംകളുടെ മത-രാഷ്‌ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ കമ്യൂണിസം പിറവിയെടുക്കുന്നതിനു മുൻപേ അതിന്റെ ഭവിഷ്യത്തുകൾ സംബന്ധിച്ച് രണ്ട് നൂറ്റാണ്ട് മുൻപ് സമൂഹത്തെ ഉണർത്തി. ഇക്കാര്യം തന്റെ ശിഷ്യൻ അവുക്കോയ മുസ്ലിയാരെ പ്രത്യേകം ബോധ്യപ്പെടുത്തുകയും വരും തലമുറക്ക് പാഠമാകാൻ പള്ളി മിഹ്റാബിൽ എഴുതി വെക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
മമ്പുറം തങ്ങളുടെ ആത്മീയ തണലിൽ കഴിയുന്നവർ അദ്ദേഹത്തിന്റെ അർത്ഥ ഗംഭീരമായ പ്രവചനങ്ങളുടെ ഗൗരവം പുതിയ തലമുറയെ ഉണർത്തിക്കൊണ്ടിരിക്കുക എന്ന പണ്ഡിത ദൗത്യമാണിപ്പോൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഔലിയാഇന്റെ അഭിലാഷങ്ങൾക്ക് ഇവ്വിധം സാക്ഷാൽക്കാരമൊരുക്കുകയാണ് സർവശക്തൻ.
ഇസ്ലാം അഭിമുഖീകരിക്കുന്ന കാലാനുസൃത വെല്ലുവിളികൾ അതിജയിക്കാനുള്ള നീക്കങ്ങളാണ് എക്കാലത്തും പണ്ഡിതരിൽ നിന്നുണ്ടാകേണ്ടത്. എന്നാൽ, വിഷയം രാഷ്‌ട്രീയവത്കരിക്കാനും ഭരണവിരുദ്ധ നീക്കങ്ങളായി ദുർവ്യാഖ്യാനം ചെയ്യാനുമാണ് ചിലരുടെ ശ്രമങ്ങൾ. വ്യക്തികേന്ദ്രീകൃത വിമർശനങ്ങളിലേക്കു വരെ കാര്യങ്ങളെത്തിക്കാൻ തത്പര കക്ഷികൾ പണിയെടുക്കുകയും ഞാണിന്മേൽ കളി നടത്തുകയും ചെയ്യുന്നു. അൽപജ്ഞാനികളുടെയും സ്വാർത്ഥം ഭരികളുടെയും വിവരദോഷികളുടെയും മന്ത്രങ്ങൾക്കു ചെവി നൽകാതെ പണ്ഡിതർ ദൗത്യനിർവഹണത്തിൽ മാത്രം നിരതരായാൽ ഒരുപാട് പ്രശ്നങ്ങളെ ഇല്ലാതാക്കാം.
















Comments