തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സസ്‌പെൻഷനിലായ ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി തീർന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ശുപാർശ നൽകി. ശുപാർശയിൽ മുഖ്യമന്ത്രി ഉടൻ തീരുമാനമെടുക്കും. 2019ലാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യുന്നത്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടൊണ് എം. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. 2016 ജൂലൈ 16നായിരുന്നു സസ്‌പെൻഷൻ. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ലൈഫ് മിഷൻ അഴിമതിക്കേസിലും ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. 98 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്.
പുതിയ കേസുകൾ ഒന്നും നിലവിലില്ലെന്നും ഒന്നര വർഷമായി സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുക്കുന്നതിന് നിലവിലെ അന്വേഷണങ്ങൾ തടസ്സമാകില്ലെന്നുമാണ് സമിതിയുടെ ശുപാർശ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും അനുകൂല തീരുമാനമെടുക്കുമെന്നാണ് വിവരം. 2023 ജനുവരി വരൊണ് ശിവശങ്കറിന്റെ സർവ്വീസ് കാലാവധി.
ശിവശങ്കറിനെതിരെ രജിസ്റ്റർ ചെയ്ത പ്രധാനപ്പെട്ട കേസുകളിൽ ഒന്ന് ഡോളർകടത്ത് കേസാണ്. ഈ കേസിന്റെ വിശദാംശങ്ങൾ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റി തേടിയിരുന്നു. എന്നാൽ കസ്റ്റംസിന്റെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് സസ്‌പെൻഷൻ പിൻവലിക്കണമെന്ന ശുപാർശ മുഖ്യമന്ത്രിയ്‌ക്ക് സമർപ്പിച്ചിരിക്കുന്നത്.
















Comments