അഗർത്തല: ത്രിപുരയിലെ മുൻ കമ്യൂണിസ്റ്റ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ സർക്കാർ വൻ അഴിമതി ഭരണം കാഴ്ച വെച്ചതിനു പുറമെ, ത്രിപുരയുടെ വികസനത്തെ ചെറുക്കുകയും ചെയ്തതായി പ്രധാനമന്ത്രി വിമർശിച്ചു. ബിജെപി അധികാരത്തിൽ എത്തിയതിനുശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന കവാടമായി ത്രിപുര മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ വിമാനത്താവള ടെർമിനലിന്റെ ഉദ്ഘാടനത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ദശാബ്ദങ്ങളായി അവഗണിക്കപ്പെട്ട് കഴിയുകയായിരുന്നു ത്രിപുര നിവാസികൾ. വികസനത്തിന്റെ പാത ത്രിപുരക്കാർക്ക് മുൻപിൽ കൊട്ടിയടയ്ക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കെതിരെയും മുഖം തിരിച്ച് നിൽക്കുന്ന സർക്കാരായിരുന്നു കമ്യൂണിസ്റ്റ് സർക്കാർ. മുന്നേറ്റത്തിന് പുറമെ താഴ്ച മാത്രമായിരുന്നു ത്രിപുര നിവാസികൾ അനുഭവിച്ചുകൊണ്ടിരുന്നത്. ഇതായിരുന്നു ബിജെപി അധികാരത്തിൽ എത്തുന്നതിന് മുൻപ് വരെ ത്രിപുരക്കാരുടെ വിധി’ പ്രധാനമന്ത്രി പറഞ്ഞു.
ത്രിപുരയിലെ റെയിൽവേ, ഇന്റർനെറ്റ്, ദേശീയപാത, വിമാനത്താവളം എന്നിവയുടെ വളർച്ചയാണ് ബിജെപി സർക്കരുടെ ഉറപ്പ്. ഇവയുടെ വികസനത്തിലൂടെ വടക്ക്-കിഴക്ക് സംസ്ഥാനങ്ങളുടെ പ്രധാന കവാടമായി ത്രിപുര മാറും. കൂടാതെ, രാജ്യത്തിന്റെ വ്യാവസായിക മേഖലയിലും വൻ കുതിപ്പാണ് ത്രിപുര ഇപ്പോൾ കാഴ്ചവെക്കുന്നത്. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാരിനെയാണ് ഇപ്പോൾ ത്രിപുരക്കാർക്ക് ലഭിച്ചിരിക്കുന്നത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടത്തിന്റെയും മറ്റ് വികസന പദ്ധതിളുടെ ഉദ്ഘാടനത്തിനുമാണ് പ്രധാനമന്ത്രി ത്രിപുരയിലെത്തിയത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമൻ എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു. ആധുനിക സൗകര്യങ്ങളോടെ, 30,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം ഏകദേശം 450 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.
വിദ്യാലയങ്ങൾക്കായി പ്രോജക്ട് മിഷൻ 100 എന്ന പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും, കുട്ടികളിലെ പാഠ്യേതര പ്രവർത്തനങ്ങൾ വികസിപ്പിക്കാനുമായി 100 ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാലയങ്ങൾ വിദ്യാജ്യോതി സ്കൂളുകളാക്കി മാറ്റും. ആദ്യ ഘട്ടത്തിൽ അങ്കണവാടി മുതൽ 12ാം ക്ലാസ് വരെയുള്ള 1.2 ലക്ഷം വിദ്യാർത്ഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തും. 500 കോടി രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്.
Comments