തിരുവനന്തപുരം:സിൽവർലൈൻ പദ്ധതിയിൽ വാശി കാണിച്ചാൽ യുദ്ധസന്നാഹത്തോടെ എതിർക്കുമെന്ന് കോൺഗ്രസ്.തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയും.പദ്ധതിയിലെ അഞ്ചു ശതമാനം കമ്മീഷനിൽ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ചുവരുത്തരുതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
പോലീസിന്റെ സഹായത്തോട് കൂടി ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ ശിങ്കിടികൾ ഉയർത്തിയിരിക്കുന്ന കെ റെയിലിന്റെ കുറ്റികൾ മുഴുവൻ ബഹുജനത്തിന്റെ പിന്തുണയോട് കൂടി കോൺഗ്രസ് പിഴുതെറിയുമെന്ന് കെ സുധാകരൻ പറഞ്ഞു.രണ്ട് ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കാവുന്ന പദ്ധതിയുടെ അഞ്ച് ശതമാനത്തോളം വരുന്ന കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ ആരോപണം. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു് അദ്ദേഹം
കമ്മീഷൻ വാങ്ങാൻ മുഖ്യമന്ത്രി പണ്ടേ സമർത്ഥനാണെന്ന് ജനങ്ങൾക്കറിയാമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.പദ്ധതി നടത്തണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിനെക്കാളും കമ്മീഷൻ കിട്ടും എന്നത് കൊണ്ടാണെന്നെന്ന് സുധാകരൻ ആരോപിച്ചു. സമരമുഖത്തേക്ക് ജനങ്ങളെ കൊണ്ടുവരും. പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല അത് അവകാശമാണെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.
കെ റെയിൽ വേണ്ട എന്ന് തന്നെയാണ് കെപിസിസി നിലപാട്. തന്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി തങ്ങളെ പദ്ധതി ബോധ്യപ്പെടുത്താനും, എന്നിട്ട് സംസാരിക്കാമെന്നും സുധാകരൻ വെല്ലുവിളിച്ചു.ജനങ്ങളുടെ മനസമാധാനം തകർത്ത സംഭവമായി സിൽവർ ലൈൻ മാറി, ട്രാക്ക് പോകുന്ന പരിസരത്തുള്ളവരും പ്രതിസന്ധിയിലാകും. കല്ലിടുന്നത് കോടതിയലക്ഷ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിയെ പോലും ബഹുമാനിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സുധാകരൻ കുറ്റപ്പെടുത്തി. ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും വീടുകൾ സന്ദർശിച്ച് കോൺഗ്രസ് പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലഹരണപ്പെട്ട ടെക്‌നോളജിയാണ് സിൽവർ ലൈൻ, ഇ ശ്രീധരനും പരിഷത്തും പദ്ധതിയെ എതിർക്കുന്നു.പഠനം നടത്തുന്ന ഏജൻസി സർക്കാർ നേരിട്ട് തെരഞ്ഞെടുത്ത ഏജൻസിയാണ് അത് കൊണ്ട് തന്നെ അവരുടെ പഠന റിപ്പോർട്ട് എങ്ങനെയായിരിക്കും എന്ന് ഉറപ്പിക്കാവുന്നതല്ലേയെന്നാണ് സുധാകരൻ ചോദിച്ചു. കോൺഗ്രസിനെ വികസനം പഠിപ്പിക്കാൻ പിണറായി വരണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments