കൊച്ചി: മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രമാണ് ‘ഭീഷ്മ പർവ്വം’. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമയിലെ ക്യാരക്ടർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്നുണ്ട്. ചിത്രത്തിലെ ഏബിൾ എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്. പോസ്റ്റർ പുറത്ത് വന്നതിന് ശേഷം ഭീഷ്മ പർവ്വത്തിൽ വിനീത് ശ്രീനിവാസനും ഉണ്ടോയെന്ന ചർച്ചയാണ് സമൂഹമാദ്ധ്യമങ്ങളിൽ കൊഴുക്കുന്നത്. കാരണം, വിനീതുമായി ഏറെ സാമ്യമുള്ള ഫോട്ടോയാണ് ഏബിളിന്റേതായി പുറത്തുവന്നത്.
ചർച്ചകൾ സജീവമായതോടെ ഇത് താനല്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ‘സത്യമായിട്ടും ഇത് ഞാനല്ല, ഇത് ഷെബിൻ ബെൻസൺ’ എന്നാണ് വിനീത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഏബിളിന്റെ പോസ്റ്ററും വിനീത് പങ്കുവെച്ചിട്ടുണ്ട്.
ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടനാണ് ഷെബിൻ. ഭീഷ്മ പർവ്വത്തിൽ ഏബിൾ എന്ന കഥാപാത്രമാണ് ഷെബിൻ അവതരിപ്പിക്കുന്നത്. വർഷം, ഇയ്യോബിന്റെ പുസ്തകം, ചിഫകൊടിഞ്ഞ കിനാവുകൾ, ഇടി, കാറ്റ്, മോഹൻലാൽ, വൈറസ്, സുമേഷ് ആൻഡ് രമേഷ് തുടങ്ങിയ സിനിമകളിൽ ഷെബിൻ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുണ്ട്.
Comments