മലയാളിക്ക് എന്നും മറക്കാൻ സാധിക്കാത്ത സിനിമാ രംഗങ്ങൾ സമ്മാനിച്ച ഹാസ്യതാരമായ ജഗതി ശ്രീകുമാറിന്റെ പിറന്നാളാണ് ഇന്ന്. വാഹനാപകടത്തിന് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതോടെ അദ്ദേഹം സിനിമയിലേക്ക് വരുന്നു എന്ന സന്തോഷവാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ജഗതിക്ക് പണ്ടത്തെ ഒന്നിച്ചുള്ള സിനിമ ഓർമ്മിപ്പിച്ചുകൊണ്ട് ആശംസകൾ നേർന്നിരിക്കുകയാണ് പ്രിയ സുഹൃത്തായ നടൻ ഇന്നസെന്റ്.
‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’ എന്നാണ് ഇന്നസെന്റ് ഫേസ്ബുക്കിൽ കുറിച്ചത്. കാബൂളിവാല എന്ന ചിത്രത്തിൽ ഇന്നസെന്റും ജഗതിയും അവതരിപ്പിച്ച കന്നാസും കടലാസും എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നതാണ് ചിത്രം. കിടക്കാൻ സ്വന്തമായി ഒരിടമില്ലാത്ത നാടോടികളായ ഇവരുടെ തമാശകളും ദു:ഖങ്ങളും മലയാളി മനസിലെ കീഴടക്കിയിരുന്നു. സിദ്ധിക്ക് – ലാൽ കൂട്ടുകെട്ടിലായിരുന്നു ചിത്രം ഒരുക്കിയത്.
അജുവർഗീസ്, ശ്വേത മേനോൻ തുടങ്ങിയ നിരവധി താരങ്ങളും ഹാസ്യനടൻ ജഗതിക്ക് ആശംസകൾ നേർന്നിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതിക്ക് ആരോഗ്യനില വീണ്ടെടുക്കാൻ സാധിക്കട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്.
അതേസമയം മമ്മൂട്ടി നായകനായെത്തുന്ന ‘സിബിഐ’ സീരിസിലെ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാർ എത്തുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ സംവിധായകനും ഇത് സമ്മതിച്ചിരുന്നു. എന്നാൽ ഏത് വേഷത്തിലാണ് എത്തുന്നത് എന്ന് വ്യക്തമല്ല.
















Comments