കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരേയും ഒന്നാം പ്രതി പൾസർ സുനിയേയും വകവരുത്താൻ ദിലീപ് പദ്ധതിയിട്ടിരുന്നതായി സൂചന. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് ഉൾപ്പെടെ കേസിലെ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം. ദിലീപും ആലുവയിലെ ഒരു വിഐപിയും സംസാരിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്. വിഐപിയെ അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയിട്ടില്ല.
‘അഞ്ച് ഉദ്യോഗസ്ഥന്മാർ.. നിങ്ങൾ കണ്ടോ അനുഭവിക്കാൻ പോകുന്ന’തെന്നാണ് ദിലീപ് പറയുന്നത്. കോപ്പന്മാരൊക്കെ ഇറങ്ങിയാലല്ലേ നമുക്ക് വൈരാഗ്യം കാണിക്കാൻ പറ്റത്തോളൂ എന്ന് വിഐപി പറയുന്നു. ‘ബൈജു പൗലോസിന്റെ സൈഡിൽ ട്രക്കോ ലോറിയോ കയറിയാൽ ഒരു ഒന്നരക്കോടി കൂടി നമ്മൾ കാണേണ്ടിവരും, അറിയാം നിങ്ങൾ അത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോൾ ചെയ്തതിന്റെ ആണെങ്കിൽ തന്നെ 90 ദിവസം കിട്ടിയില്ലേ.. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങൾ(മറ്റൊരാൾ പറഞ്ഞു).
ദിലീപ് ജാമ്യത്തിലിറങ്ങുന്നതിന് ശേഷം ടെലിവിഷൻ സ്‌ക്രീനിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾക്ക് പോസ് ചെയ്ത അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവർ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞതിന് താൻ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ബിജു പൗലോസുമായി ചേർന്ന് ഗൂഢാലോചന നടത്തിയ ശേഷമുള്ളതാണെന്നും ബിജുവിനെതിരെ അന്വേഷണം വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ കേസിൽ സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയേയും ഉടൻ ചോദ്യം ചെയ്യും. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് പൾസർ സുനിയുള്ളത്. ജയിലിലുള്ള സുനിയെ ചോദ്യം ചെയ്യാൻ ആദ്യം അനുമതി തേടും പിന്നാലെ ദിലീപിനേയും ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
















Comments