കൊല്ലം : ആർഎസ്പി നേതാവും മന്ത്രിയുമായിരുന്ന ആർ.എസ് ഉണ്ണിയുടെ സ്വത്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയ്ക്കെതിരെ കേസ്. ആർഎസ് ഉണ്ണിയുടെ ചെറുമകൾ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് വിവാദം നിലനിന്നിരുന്നു.
കൊല്ലം ശക്തികുളങ്ങരയിലുള്ള കുടുംബവീട് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രേമചന്ദ്രനെതിരെ ഉയർന്നിരിക്കുന്ന പരാതി. മുറപ്രകാരം കുടുംബ വീടിന്റെ അവകാശിചെറുമകളാണ്. എന്നാൽ വീടിന്റെ ഉടമസ്ഥാവകാശം പതിച്ചു കിട്ടിയിട്ടും എംപിയുടെ നേതൃത്വത്തിലുള്ള ആർഎസ് ഉണ്ണി ഫൗണ്ടേഷൻ എന്ന സ്ഥാപനം ഇത് ഒഴിഞ്ഞു നൽകിയിട്ടില്ല. ഇതേ തുടർന്നാണ് യുവതികൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയിൽ പ്രേമചന്ദ്രൻ എംപിയുടെ കൂട്ടാളികളായ മൂന്ന് പേർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഫൗണ്ടേഷൻ സെക്രട്ടറി പിഎൻ ഉണ്ണികൃഷ്ണൻ കേസിൽ ഒന്നാം പ്രതിയും, പ്രേമചന്ദർ രണ്ടാം പ്രതിയുമാണ്. വീട്ടിൽ താമസിക്കാൻ ആരംഭിച്ചിട്ടും ഫൗണ്ടേഷൻ സെക്രട്ടറി പിഎൻ ഉണ്ണികൃഷ്ണൻ സാധനങ്ങൾ മാറ്റി കൊടുത്തില്ലെന്നും, ആളുകളെവിട്ട് യുവതികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
കുടുംബ വീട് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് യുവതികൾ നിരവധി തവണ എംപിയെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ചാണ് വീട് തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി യുവതികൾ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ സംഭവം വലിയ ചർച്ചയായിരുന്നു.
Comments