കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ നിർണായക വിവരം നൽകാവുന്ന സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി അനുമതി നൽകുന്നില്ലെന്ന് കാണിച്ച് പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക. വിചാരണ കോടതിയുടെ ഈ നടപടി റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിർണായക സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള അനുമതി നിഷേധിക്കുന്നതിന് പുറമേ പ്രധാനപ്പെട്ട വാദങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും വിചാരണ കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷൻ ആക്ഷേപം ഉയർത്തിയിരുന്നു. ഇക്കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. ഇക്കാര്യവും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണ കോടതി നടപടികൾക്കെതിരെ കഴിഞ്ഞ ആഴ്ചയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നൽകിയതിന് പിന്നാലെ നടപടികളിൽ പ്രതിഷേധിച്ച് പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. ഹർജി പരിഗണിക്കുന്ന വേളയിൽ രാജിയിലേക്ക് നയിച്ച സാഹചര്യവും ഹൈക്കോടതി പരിശോധിക്കും. ഇതിനിടെ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആറ് മാസം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ സമീപിച്ചിരുന്നു.
















Comments