തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ ടാർ ചെയ്തിന് പിന്നാലെ കുത്തിപ്പൊളിയ്‌ക്കുന്ന രീതിയ്‌ക്ക് മാറ്റം വരുന്നു.സംസ്ഥാനത്തെ റോഡുകൾ ഇനി വാട്ടർ അതോറിറ്റി തോന്നുന്ന പോലെ കുത്തിപൊളിക്കില്ല. ടാർ ചെയ്ത റോഡ് അശാസ്ത്രീയമായി പൊളിക്കുന്നത് തടയാനായി നടത്തിയ നീണ്ട കാലത്തെ ജനങ്ങളുടെ മുറവിളികൾക്കൊടുവിൽ അവസാനം നടപടിയെടുത്തിരിക്കുകയാണ് സർക്കാർ.
ഇതിനായി പൊതുമരാമത്ത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നിരീക്ഷണ സമിതി രൂപീകരിച്ചു. റോഡുകൾ നിർമ്മിച്ചതിന് ശേഷവും അറ്റകുറ്റപണികൾ നടത്തിയതിന് പിന്നാലെയും നിർമ്മാണ പ്രവർത്തനത്തിനായി കുത്തിപൊളിക്കുന്നത് കേരളത്തിലെ പതിവ് കാഴ്ചയാണ്.കുത്തിപൊളിച്ച റോഡ് പിന്നീട് നേരെയാക്കാതെ ആളുകളുടെ നടുവൊടിക്കുകയും ചെയ്യും.
ഈ രീതിയ്‌ക്ക് ഇനിയെങ്കിലും മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇരു വകുപ്പുകളുടേയും മന്ത്രിമാർ ചേർന്ന് യോഗം ചേർന്ന് സമിതി രൂപീകരിക്കുകയായിരുന്നു.വകുപ്പുകളുടെ ഏകോപനത്തിനായി ഇരു വകുപ്പുകളുടെയും ഉദ്യോഗസ്ഥരെ ഉൾപെടുത്തി സമിതി രൂപീകരിച്ചു. റോഡുകൾ പൊളിക്കേണ്ടതുണ്ടെങ്കിൽ സംസ്ഥാന ജില്ല സമിതികളാകും തീരുമാനിക്കുക. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇനി സംസ്ഥാനത്ത് നടക്കുന്ന റോഡ്- പൈപ്പ് പ്രവർത്തനങ്ങളും, ഭാവി പരിപാടികളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ടാർ ചെയ്ത റോഡുകൾ ഉടൻ കുത്തിപ്പൊളിക്കുന്നതിനെതിരെ ജല വിഭവ വകുപ്പിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിൽ സാങ്കേതിക പ്രശ്‌നങ്ങളും വെല്ലുവിളിയാണെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇരു വകുപ്പുകളും മന്ത്രി തല ചർച്ച നടത്തിയത്.
Comments