മൊബൈൽ ഫോൺ ഇന്നത്തെ കാലത്ത് ഏതൊരാൾക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നമ്മുടെ ദൈന്യംദിന ജീവിതവുമായി ബന്ധപ്പെട്ടകാര്യങ്ങൾ മുതൽ സർക്കാർ സേവനങ്ങളും ബാങ്ക് ഇടപാടുകളും വരെ മൊബൈൽ ഉപയോഗിച്ച് ചെയ്യാനാകും. അതിനാൽ മൊബൈലിൽ ഉപയോഗിക്കുന്ന സിം കാർഡ് അത്രയേറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ തിരിച്ചറിയൽ രേഖകൾ നൽകി എടുക്കുന്ന സിംകാർഡുകളുടെ പൂർണ്ണ ഉത്തരവാദിത്വം നമ്മുക്ക് തന്നെയാണ്. സിംകാർഡുകൾ എടുക്കുന്നതിനായി നൽകുന്ന രേഖകൾ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വ്യാപകമാണ്. കുറ്റകൃത്യങ്ങൾ ചെയ്താൽ പിടിക്കപ്പെടാതിരിക്കാനോ അല്ലെങ്കിൽ തട്ടിപ്പ് നടത്താനൊ ഒക്കെയാണ് ഇത്തരത്തിൽ ചെയ്യുന്നത്. അതിനാൽ തന്നെ നമ്മുടെ വ്യക്തിഗത വിവരങ്ങൾ കൈമാറുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടിയതായി ഉണ്ട്.
ഇനി നമ്മളറിയാതെ നമ്മുടെ പേരിൽ ആരെങ്കിലും സിംകാർഡ് എടുത്തിട്ടുണ്ടോയെന്ന് എങ്ങിനെ മനസ്സിലാക്കാം. ഇതിന് കേന്ദ്രസർക്കാരിന്റെ ഒരു പോർട്ടൽ തന്നെ നിലവിലുണ്ട്. കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ടാഫ് കോപ്പ് എന്ന പോർട്ടലിലൂടെ ഒരാളുടെ ഐഡി പ്രൂഫിൽ എന്തൊക്കെ ഫോൺ നമ്പർ നിലവിലുണ്ടെന്ന് കണ്ടെത്താൻ സാധിക്കും.
നിലവിൽ ഉപയോഗിക്കുന്ന നമ്പർ നൽകിയ ശേഷം ലഭിക്കുന്ന ഒടിപി നിർദ്ദിഷ്ട സ്ഥാനത്ത് നൽകിയാൽ ആ നമ്പരിന് ആധാരമായ ഐഡി പ്രൂഫ് ഉപയോഗിച്ച് എടുത്തിട്ടുള്ള മറ്റ് സിം കാർഡ് നമ്പരുകൾ നമ്മുക്ക് ലഭ്യമാകും. ഇത്തരത്തിൽ ആരെങ്കിലും ഒരാളുടെ ഐഡി പ്രൂഫ് ഉപയോഗിച്ച് സിം കാർഡ് എടുത്തിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കാനുള്ള സംവിധാനവും ടാഫ് കോപ്പ് പോർട്ടലിൽ ലഭ്യമാണ്. നമ്പരുകൾ ട്രാക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും പോർട്ടലിൽ സൗകര്യമുണ്ട്.
ടെലികോം അനാലിസിസ് ഫോർ ഫ്രോഡ് മാനേജ്‌മെന്റ് ആൻഡ് കൺസൂമർ പ്രൊട്ടക്ഷൻ എന്നാണ് ടാഫ് കോപ്പ് എന്ന സംവിധാനത്തിന്റെ ചുരുക്ക പേര്. ഇനി എനിക്ക് ഈ പ്രശ്നം വരില്ല, എന്റെ ഐഡി പ്രൂഫൊന്നും വെച്ച് ആരും സിം എടുക്കൂല എന്നൊക്കെ പറഞ്ഞിരിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ. കഴിഞ്ഞ ദിവസം ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിരപരാധിയായ ഒരു വീട്ടമ്മയും കുടുങ്ങിയിരുന്നു.
കൊലപാതക സംഘത്തിലുണ്ടായിരുന്നവർ പരസ്പരം ബന്ധപ്പെടാനായി വീട്ടമ്മയുടെ ഐഡി പ്രൂഫ് ഉപയോഗിച്ച് സിം എടുത്തു. വീട്ടമ്മയെ പോലീസ് കണ്ടെത്തുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പുന്നപ്ര സ്വദേശിനായ വീട്ടമ്മയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത സിം ആണ് കൊലക്കേസിലെ മുഖ്യപ്രതി ഉപയോഗിച്ചത്. പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോഴാണ് തന്റെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സിം കാർഡ് എടുത്തതായി അവർക്ക് മനസ്സിലായത്.
വീട്ടമ്മ അടുത്ത് തന്നെയുള്ള ഒരു മൊബൈൽ ഷോപ്പിൽ സിം കാർഡ് എടുക്കാൻ പോയതാണ്. ബയോമെട്രിക് സംവിധാനം ഉപയോച്ചുള്ള വേരിഫിക്കേഷൻ കഴിഞ്ഞ് ഇവർക്ക് ഒരു സിം കാർഡ് ലഭിച്ചു. ഇതിനൊപ്പം ഈ വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരു സിം കാർഡ് എടുക്കുകയും ഉടമയും പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗവും എസ്ഡിപിഐ നേതാവുമായ സുൽഫീക്കറും ചേർന്ന് കൊലയാളി സംഘത്തിന് കൈമാറുകയുമായിരുന്നു. മൊബൈൽ ഷോപ്പ് ഉടമയായ ബാദുഷയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. അതിനാൽ തന്നെ ആരും പറ്റിക്കപ്പെടാതിരിക്കാൻ മറ്റുള്ളവരിലേക്കും വിവരം ഷെയർ ചെയ്യുക. നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ എന്ന്, അല്ലെങ്കിൽ ദുരുപയോഗം ചെയ്തോ എന്നൊക്കെ ഇപ്പോൾ തന്നെ നോക്കിക്കോളൂ..
https://www.tafcop.dgtelecom.gov.in/
Comments