ന്യൂഡൽഹി ; പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞത് ബിജെപിക്കാരാണെന്ന അവകാശവാദവുമായി സംയുക്ത കിസാൻ മോർച്ച. സംസ്ഥാനത്ത് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാ വീഴ്ച വരുത്തിയത്. ഇത് വിവാദമായതോടെ സംഭവത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ് കർഷക സംഘടനകൾ.
പ്രധാനമന്ത്രിയുടെ വാഹനത്തിനടുത്തേയ്‌ക്ക് പോയത് ബിജെപി പ്രവർത്തകരാണെന്നാണ് കിസാൻ മോർച്ചയുടെ വാദം. അവർ ബിജെപി പതാക പിടിക്കുകയും ‘നരേന്ദ്ര മോദി സിന്ദാബാദ്’ വിളിക്കുകയും ചെയ്തിരുന്നു. അതിനാൽ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നത് ബിജെപി കെട്ടിച്ചമച്ചതാണെന്നും സംയുക്ത കിസാൻ മോർച്ച ആരോപിച്ചു.
പ്രധാനമന്ത്രി എത്തുന്ന കാര്യങ്ങൾ ആരും തന്നെ അറിഞ്ഞിരുന്നില്ല. പ്രതിഷേധക്കാരെ ഫിറോസ്പൂരിലേക്ക് കടക്കാൻ പോലീസ് സമ്മതിച്ചിരുന്നില്ലെന്നും അതിനാൽ തങ്ങൾ വിവിധ ഇടങ്ങളിൽ റോഡിലിരുന്ന് പ്രതിഷേധം നടത്തുകയായിരുന്നെന്നും കർഷക സംഘടനകൾ അവകാശപ്പെടുന്നു. എന്നാൽ പ്രധാനമന്ത്രി വരുന്നുണ്ടെന്ന വിവരം കർഷക സംഘടനകളെ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് പോലീസ് ഉൾപ്പെടെ പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് നരേന്ദ്രമോദി പഞ്ചാബ് സന്ദർശിച്ചത്. ഇതിനിടെ കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിഷേധിക്കുന്നവർ അദ്ദേഹത്തിന്റെ വാഹനം തടയുകയും പതിനഞ്ച് മിനിറ്റിലധികം നേരം പ്രധാനമന്ത്രിയുടെ വാഹനം വഴിയിൽ കിടക്കുകയുമാണ് ഉണ്ടായത്. ഹുസൈനിവാലയിൽ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കാനും ഫിറോസ്പൂരിൽ റാലിയിൽ പങ്കെടുക്കാനും റോഡ് മാർഗം പോകുന്നതിനിടെ ആയിരുന്നു സംഭവം.
















Comments