മലപ്പുറം: കമ്യൂണിസത്തിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം സുന്നി വിഭാഗം യുവജന നേതാവ് മുഹമ്മദലി കിനാലൂർ.
എസ്.എഫ്.ഐയോ ഡി.വൈ.എഫ്.ഐയോ അല്ല അവരും അവരുടെ മാതൃസംഘടനയായ സി.പി.എമ്മും തലയിൽ ചുമക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് പ്രശ്നങ്ങളുടെ നാരായവേര്. അത് മൂല്യങ്ങൾക്ക് എതിരാണെന്നും അരാജകത്വത്തിന്റെ ആഘോഷമാണെന്നും അദ്ദേഹം വിമർശിച്ചു.വ്യക്തികളുടെ തെരഞ്ഞെടുപ്പ് എങ്ങനെയാണ് പാർട്ടി പരിപാടി ആകുന്നതെന്നും അതിന് ഉത്തരം പ്രതീക്ഷിക്കരുതെന്നും മുഹമ്മദലി കിനാലൂർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റ്
എസ് എഫ് ഐയോ ഡി വൈ എഫ് ഐ യോ അല്ല പ്രശ്നം, അവരും മാതൃസംഘടനയായ സിപിഎമ്മും ചിന്തയിൽ ചുമന്നു നടക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് പ്രശ്നത്തിന്റെ നാരായവേര്. കമ്മ്യൂണിസം അരാജകത്വത്തിന്റെ ആഘോഷമാണ്. അരാജകത്വം മൂല്യങ്ങളുടെ നിരാസമാണ്. അതുകൊണ്ട് സ്വവർഗരതി മുതൽ എല്ലാ കൊള്ളരുതായ്മക്കും കുട പിടിക്കാൻ കമ്മ്യൂണിസത്തിനു മടിയുണ്ടാകില്ല. അതൊക്കെ വ്യക്തിയുടെ തിരഞ്ഞെടുപ്പല്ലേ എന്ന്, വരാലിനെ പോലെ വഴുതിമാറുകയും ചെയ്യും കമ്മ്യൂണിസ്റ്റുകാർ. വ്യക്തിയുടെ തിരഞ്ഞെടുപ്പ് എങ്ങനെ ആണ് പാർട്ടിപരിപാടി ആകുന്നത് എന്നതിന് ഉത്തരം പ്രതീക്ഷിക്കരുത്.!
ഇസ്ലാം മൂല്യമാണ്. കമ്മ്യൂണിസം മൂല്യനിഷേധമാണ്. ഇത് രണ്ടും ഒത്തുപോകില്ല. വിശ്വാസിയായി ജീവിച്ചുമരിക്കാൻ ഉദ്ദേശിക്കുന്നവർ കമ്മ്യൂണിസത്തിന്റെ കൊടി പിടിക്കാൻ പോകാതിരിക്കലാണ് നല്ലത്. ഒരു വിശ്വാസിമുസ്ലിമിന് യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആകാൻ കഴിയില്ല. ഒരു നല്ല കമ്മ്യൂണിസ്റ്റിനു വിശ്വാസിജീവിതം തുടരാനും കഴിയില്ല. നാട്ടിൽ എമ്പാടും മുസ്ലിം കമ്മ്യൂണിസ്റ്റുകൾ ഉണ്ടല്ലോ എന്നാണോ നിങ്ങളുടെ മറുവാദം. അവരെ ഞാൻ മുസ്ലിം ഇടതുപക്ഷം എന്നു വിളിക്കുന്നു. ലെഫ്റ്റ് പൊളിറ്റിക്സിൽ പ്രതീക്ഷ അർപ്പിക്കുന്നവരാണവർ.
ആ പ്രതീക്ഷ അടിമത്തമായി മാറുന്ന അവസ്ഥയിൽ ഒരാൾക്ക് മതം അല്ലെങ്കിൽ കമ്മ്യൂണിസം എന്ന തിരഞ്ഞെടുപ്പ് വേണ്ടി വരും. മൂല്യം വേണമോ അരാജകത്വം വേണമോ എന്ന തിരഞ്ഞെടുപ്പ് തന്നെയാകും അത്. ഇടതുപാർട്ടികൾക്ക് വോട്ട് കൊടുത്താലും മനസ് കൊടുക്കരുത് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നത് ഇക്കാരണത്താലാണ്. മതത്തെ, മതത്തിലേക്ക് ആളുകൾക്ക് ആശ്രയിക്കേണ്ടി വരുന്ന ഘടകങ്ങളെ ഇല്ലാതാക്കുക എന്നത് കമ്മ്യൂണിസ്റ്റ് അജണ്ടയാണ്. വിശ്വാസം കമ്മ്യൂണിസത്തിന്റെ പ്രഖ്യാപിത ശത്രുവാണ്. കെട്ട മുദ്രാവാക്യങ്ങൾ ‘വിപ്ലവവിദ്യാർത്ഥി സംഘടന’ കെട്ടഴിച്ചു വിടുന്നതും മതത്തിൽ നിന്ന് വിശ്വാസികളെ പുറത്തുചാടിക്കാൻ ലക്ഷ്യമിട്ടു തന്നെയാണ്.
ഇന്ത്യൻ കമ്മ്യൂണിസത്തെ കുറിച്ച് കൂടി ഒരു വാചകം പറയാം: ‘ബ്രാഹ്മണിക്കൽ ഹിന്ദുവിന്റെ ജനാധിപത്യ നേരമ്പോക്കാണ് ഇന്ത്യൻ കമ്മ്യൂണിസം’. ഓർക്കുക, കമ്മ്യൂണിസത്തിൽ നിന്ന് ഫാഷിസത്തിലേക്ക് ഒരു കിളിവാതിൽ എപ്പോഴും തുറന്നുകിടപ്പുണ്ട്. ചില സന്ദർഭങ്ങളിൽ അവർ ഹസ്തദാനം ചെയ്യുന്നുണ്ട്, രാഷ്ട്രീയ അതിരുകൾ മറന്ന് അവർ പ്രണയിക്കുന്നുണ്ട്, കെട്ടിപ്പുണരുന്നുണ്ട്, ചുംബിക്കുന്നുണ്ട്. തളിപ്പറമ്പിലെ ഉമ്മയുടെ വാവിട്ട കരച്ചിൽ ഒരു കമ്മ്യൂണിസ്റ്റ് മനസിലും നൊമ്പരം സൃഷ്ടിക്കാത്തത് അതുകൊണ്ടാണ്.
Comments