ഹൈദരാബാദ്: കേരളം വ്യവസായ, നിക്ഷേപ സൗഹൃ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാനയിൽ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐടി ഫാർമസി ബയോടെക്‌നോളജി മേഖലയിലെ മുൻനിര കമ്പനികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച്ച നടത്തി.
യോഗത്തിൽ സംസ്ഥാനത്തെ നിക്ഷേപ സാദ്ധ്യതകളെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു.സാമ്പത്തിക വികസനത്തിൽ ആവേശകരമായ ഘട്ടത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം ഇപ്പോൾ തേടുന്നത് മികച്ച പങ്കാളിത്തമാണ്. പാരിസ്ഥിതിക സുസ്ഥിരതയ്‌ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾക്കായി കൂടുതൽ നിക്ഷേപകരെ ആകർഷിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുകയാണ് കേരളത്തിന്റ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് നൽകാൻ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. മറ്റെവിടെയും കാണാൻ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാർദ്ദ ഘടകങ്ങൾ കേരളത്തിനുണ്ട്. സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉൾപ്പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ് ഇവിടമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















Comments