ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് വധക്കേസിൽ മുഖ്യസൂത്രധാരന്മാരായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ ഷാജി (47), നഹാസ് ( 31 ) എന്നിവരാണ് അറസ്റ്റിലായത്. എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡൻറാണ് ഷാജി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പതിനെട്ടായി.
മുഖ്യ പ്രതികളടക്കം കൂടുതൽ പേർ ഇനിയും അറസ്റ്റിൽ ആകാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഡിസംബർ 19 നാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. ബൈക്കിലെത്തിയ 12 അംഗ സംഘമാണ് രൺജീത്തിനെ കൊലപ്പെടുത്തുന്നത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.
പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന സൂചനയെ തുടർന്ന് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികൾക്കായി തിരച്ചിൽ നടത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാൽ പ്രതികൾ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാൻ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം കൊലപാതകം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളെ പിടികൂടാത്തതിൽ പോലീസിനെതിരെ വിമർശനം ശക്തമായിരിക്കുകയാണ്. പ്രതികൾ സംസ്ഥാനം വിട്ടെന്ന് പോലീസ് തന്നെ വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തിൽ ഇരുട്ടിൽ തപ്പാതെ കേസന്വേഷണം എൻഐഎക്ക് വിടണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പോലീസ് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് ക്രിമിനലുകളെ സഹായിക്കുകയാണെന്നാണ് ഉയരുന്ന വിമർശനം.
Comments