പാലക്കാട് : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും, ധീര സൈനികർക്കും ആദരവുമായി പാലക്കാട് നഗരസഭ. നഗരത്തിലെ പ്രധാന റോഡിന് ബിപിൻ റാവത്തിന്റെ പേര് നൽകി. നഗരസഭാ കൗൺസിൽ യോഗത്തിന്റെ തീരുമാന പ്രകാരമാണ് റോഡ് പുന:ർനാമകരണം ചെയ്തത്.
നഗരസഭ 15ാം വാർഡിലെ ശ്രീ ഗണേഷ് നഗറിലെ കൽമണ്ഡപം-കൽപ്പാത്തി ബൈപ്പാസ് മുതൽ ശേഖരീപുരം തോട്ടുപാലംവരെയുള്ള റോഡിനാണ് ജനറൽ ബിപിൻ റാവത്ത് റോഡ് എന്ന പേര് നൽകിയത്. ഇന്നലെ നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ 15ാം വാർഡ് കൗൺസിലർ ശശികുമാർ റോഡിന്റെ പേര് മാറ്റുന്നതിനായി പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ പ്രമേയം സഭ ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇന്ന് റോഡിന് ബിപിൻ റാവത്തിന്റെ പേര് നൽകിയത്.
കഴിഞ്ഞ മാസമാണ് ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്ത് ഭാര്യ മധുലിക റാവത്ത് എന്നിവരുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടത്. സുലൂർ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം.
Comments