ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി മത്സരിക്കില്ല. ബിഎസ്പി എംപി സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് താനും മത്സരിക്കില്ലെന്ന് സതീശ് ചന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.
സർവ്വേ ഫലങ്ങൾ ബിജെപിയ്‌ക്ക് അനുകൂലമായതോടെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാതെ ബിഎസ്പി തെരഞ്ഞൈടുപ്പിൽ നിന്നും പിന്നോട്ട് പോകുന്നതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും ഒറ്റയ്‌ക്ക് അധികാരത്തിലെത്തുമെന്നും അഭിപ്രായ സർവ്വേകൾ തെറ്റാണെന്നും മായാവതി നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് മത്സരിക്കാനില്ലെന്ന് അറിയിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം.
തെരഞ്ഞെടുപ്പിൽ യോഗി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് വിവിധ സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 53.4 ശതമാനം പേരും യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. 47.41 ശതമാനം പേർ യോഗി ആദിത്യനാഥിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങളിൽ തൃപ്തരാണ്. ടൈംസ് നൗ, എബിപി-സീ തുടങ്ങിയ സർവ്വേ ബിജെപിയ്‌ക്ക് അനുകൂലമായിരുന്നു.
ഉത്തർപ്രദേശിൽ 403 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 202 സീറ്റുകൾ നേടുന്ന പാർട്ടിയ്‌ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. 2017ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച അപ്ന ദൾ ഒൻപതും എസ്ബിഎസ്പി നാലും സീറ്റുകളിൽ വിജയിച്ചു. 403 സീറ്റുകളിൽ മത്സരിച്ച മായാവതിയുടെ ബിഎസ്പി 19 സീറ്റ് മാത്രമാണ് നേടിയത്.
Comments