കൽപ്പറ്റ : വയനാട് റിസോർട്ടിൽ ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ ടിപി വധക്കേസ് പ്രതി കിർമാണി മനോജിനെ പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. റിസോർട്ടിൽ നടന്നത് ക്വട്ടേഷൻ തലവന്മാരുടെ പാർട്ടിയായിരുന്നെന്നാണ് വിവരം. തമ്മനം ഷാജി, ഓം പ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരെയൊക്കെ തന്നെ പാർട്ടിയ്‌ക്ക് ക്ഷണിച്ചിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി പെരുമ്പാവൂർ അനസും പാർട്ടിയിൽ പങ്കെടുത്തിരുന്നതായി തെളിവുകൾ ലഭിച്ചു.
വയനാട് പടിഞ്ഞാറത്തറയിലെ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ കേസിൽ ടിപി കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടെ 16 പേർ പിടിയിലായിരുന്നു. എംഡിഎംഎ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. പാർട്ടി നടക്കുന്നത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസമായി ഷാഡോ പോലീസും റിസോർട്ടിലുണ്ടായിരുന്നു. മഫ്ടിയിലായിരുന്നു ഇവരുടെ താമസം. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് റിസോർട്ടിൽ ലഹരിപാർട്ടി സംഘടിപ്പിച്ചത് എന്നാണ് വിവരം.
ഇന്ന് പുലർച്ചെയോടെയാണ് വയനാട് എസ്പിയുടെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്. ടി പി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിർമാണി മനോജ് എന്ന വി പി മനോജ് കുമാർ (48), കമ്പളക്കാട് ചെറുവനശ്ശേരി സി എ മുഹസിൻ (27), മീനങ്ങാടി പടിക്കൽ പി ആർ അഷ്കർ അലി (26), പെരിന്തൽമണ്ണ പട്ടിക്കാട് ഒട്ടുപറമ്പിൽ ഒ.പി അജ്മൽ (28), പാനൂർ ആക്കോൽ മീത്തൽ എ എം സുധേഷ് (43), കമ്പളക്കാട് കളം പറമ്പിൽ കെ എം ഫഹദ് (26) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്. 15 പേർക്കെതിരെ മയക്കുമരുന്ന് കേസും, ഒരാൾക്കെതിരെ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത്.
അതേസമയം ടിപി വധക്കേസ് പ്രതികൾ സർക്കാർ സംരക്ഷണത്തിലാണ് കഴിയുന്നത് എന്നും ലഹരി പാർട്ടി നടത്തിയതിൽ അത്ഭുതമില്ലെന്നും കെ കെ രമ എംഎൽഎ തുറന്നടിച്ചു. കൊറോണ ആനുകൂല്യം ഏറ്റവുമധികം അനുഭവിക്കുന്നത് ഇവരാണ്. പ്രതികളെ എന്തുകൊണ്ട് ജയിലിലേക്ക് അയക്കുന്നില്ല എന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.
















Comments