പാലക്കാട്: ഉമ്മിനിയിൽ അമ്മപ്പുലിയ്‌ക്കായുള്ള വനംവകുപ്പിന്റെ കാത്തിരിപ്പ് വിഫലം. പുലിക്കുഞ്ഞിനെ കൊണ്ടുപോകാൻ ഇന്നലെ അമ്മപ്പുലി എത്തിയില്ല. തുടർന്ന് പുലിക്കുഞ്ഞിനെ വനംവകുപ്പ് ഓഫീസിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കൂട്ടിൽവെച്ച ഒരു കുഞ്ഞിനെ അമ്മപ്പുലി കൊണ്ടുപോയിരുന്നു.
കഴിഞ്ഞ ദിവസം മൂന്ന് തവണ അമ്മപ്പുലി ആളൊഴിഞ്ഞ വീട്ടിലെത്തിയെന്നാണ് വനംവകുപ്പ് അറിയിച്ചത്. തുടർന്നും വരാനുള്ള സാദ്ധ്യത പരിഗണിച്ചാണ് രണ്ട് കുഞ്ഞുങ്ങളേയും കൂട്ടിനുള്ളിൽ വെച്ചത്. കുഞ്ഞിനെ എടുക്കാനായി കൂട്ടിനുള്ളിൽ കയറുമെന്നാണ് വനംവകുപ്പ് കരുതിയത്. എന്നാൽ കൂട് കൈകൊണ്ട് വലിച്ചിട്ട ശേഷം കുഞ്ഞിനെ എടുക്കുകയായിരുന്നു.
കൂടിന് സമീപം വന്ന പുലിയുടെ സിസിടിവി ദൃശ്യം വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. അമ്മപ്പുലിയെ പിടികൂടി കുഞ്ഞുങ്ങൾക്കൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വനംവകുപ്പിന്റെ ദ്രുതകർമ്മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം ഉണ്ടെന്ന് അറിഞ്ഞതിനാൽ പരിഭ്രാന്തിയിലാണ് ജനങ്ങൾ.
Comments