കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ വീട്ടുവളപ്പിലുണ്ടായ സ്‌ഫോടനത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ താമസക്കാരനായ കൊല്ലം കരവാളൂർ സ്വദേശി സത്യരാശ് കുമാറിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് വീട്ടുവളപ്പിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ രണ്ട് ഡിറ്റണേറ്റർ ട്യൂബും, നൈട്രേറ്റിന്റെ സാന്നിദ്ധ്യവും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സത്യരാശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സത്യരാശിനെതിരെ എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഇയാൾ പാറമടയിലെ ജോലിക്കാരനായിരുന്നു. പതിമൂന്നു വർഷമായി പെരുമ്പാവൂരിലെ വീട്ടിലാണ് താമസം.
മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. അപകടത്തിൽ വീടിന്റെ ജനലുകളും ഭിത്തിയും മതിലും പൂർണ്ണമായും തകർന്നിരുന്നു. നാല് വീടുകളുടെ മതിലുകളും തകർന്നിട്ടുണ്ട്.
Comments