ഇസ്ലാമാബാദ് :ഇന്ത്യയുമായി സൗഹൃദം പുന:സ്ഥാപിക്കുമെന്ന് പാക് ദേശീയ സുരക്ഷാ നയം. രാജ്യത്തിന്റെ വിദേശനയത്തിൽ അയൽരാജ്യങ്ങളുമായുള്ള സമാധാനത്തിനും സാമ്പത്തിക നയതന്ത്രത്തിനും മുൻഗണന നൽകുമെന്നും പാക് ദേശീയ നയം വ്യക്തമാക്കുന്നു.കശ്മീർ പ്രശ്നത്തിന് അന്തിമ പരിഹാരമില്ലാതെ തന്നെ ഇന്ത്യയുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് 100 പേജുള്ള ഈ രഹസ്യ ദേശീയ സുരക്ഷാ നയം പറയുന്നത്.
ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് സാമ്പത്തിക മേഖലയിൽ കോടികളുടെ നഷ്ടമാണ് പാകിസ്താൻ നേരിടുന്നത്. ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായവും അഭയവും നൽകുന്നതിനെ തുടർന്ന് പാക് സർക്കാരിന് അന്താരാഷ്‌ട്ര തലത്തിൽ തന്നെ നാണക്കേട് നേരിടേണ്ടി വരികയാണ്. അന്താരാഷ്‌ട്ര വേദികളിലെല്ലാം പാകിസ്താന്റെ ഭീകരവാദ സമീപനം ഇന്ത്യ തുറന്നുകാട്ടുന്നുണ്ട്. സാമ്പത്തിക മേഖല തിരിച്ചുപിടിക്കാൻ ഇന്ത്യയുമായി സൗഹൃദം പുന:സ്ഥാപിക്കുക എന്നതാണ് പാക് സർക്കാരിനുമുന്നിലുള്ള ഏക വഴി.ഇതാണ് പാകിസ്താന്റെ പുതിയ ദേശീയ നയത്തിനു പിന്നിലുള്ള കാരണമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ തുറന്നുകാട്ടുന്നത്.
പാക് ഭരണാധികാരികൾക്ക് ബോധം വന്നിരിക്കുന്നു എന്നാണ് നയതന്ത്ര വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുമായി ശത്രുതയില്ലെന്ന പാക് ദേശീയ സുരക്ഷാ നയം വിരൽചൂണ്ടുന്നതും ഇതിലേക്കാണെന്ന് നയതന്ത്ര വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. ആണവായുധ ശേഷിയുള്ള ഇന്ത്യയും പാകിസ്താനും കശ്മീർ വിഷയത്തിൽ സംഘർഷം തുടരുകയാണ്. വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ഇതുമൂലം വഷളായെന്നും പാക് സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. പാകിസ്താൻ പത്രമായ എക്സ്പ്രസ് ട്രിബ്യൂണിനോടാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ .
‘അടുത്ത 100 വർഷത്തേക്ക് ഞങ്ങൾ ഇന്ത്യയെ വെറുക്കില്ല. പുതിയ ദേശീയ നയത്തിൽ അയൽരാജ്യങ്ങളുമായുള്ള സമാധാനത്തിനാണ് രാജ്യം ഊന്നൽ നൽകുക. ഈ വിഷയത്തിൽ ചർച്ചയും പുരോഗതിയും ഉണ്ടായാൽ ഇന്ത്യയുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ പഴയതുപോലെ സാധാരണ നിലയിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.“പുതിയ ദേശീയ സുരക്ഷാ നയത്തിൽ സാമ്പത്തിക സുരക്ഷ ഒരു പ്രധാന വിഷയമായിരിക്കും,” പാകിസ്താൻ ഉദ്യോഗസ്ഥൻ പറഞ്ഞു.”ജിയോ സ്ട്രാറ്റജിക്ക് പകരം ജിയോ ഇക്കണോമിക്സിൽ” ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പാകിസ്താൻ പുതിയ ദേശീയ സുരക്ഷാ നയത്തിൽ പറയുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.എന്നാൽ മോദി സർക്കാരിന് കീഴിൽ ഇന്ത്യയുമായി അനുരഞ്ജനത്തിന് സാധ്യതയില്ലെന്ന ആശങ്കയും പാക് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പങ്കുവെക്കുന്നുണ്ട്.
കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഉഭയകക്ഷി വ്യാപാരം ഇരു രാജ്യങ്ങളും നിർത്തിവെച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യാപാര ബന്ധം ഏകദേശം സ്തംഭനാവസ്ഥയിലാണ്. പാകിസ്താന്റെ സുരക്ഷാ നയങ്ങളിൽ വന്ന ഈ മാറ്റം പ്രാവർത്തികമാകുമോ എന്ന് നോക്കികാണാമെന്നാണ് ഇന്ത്യൻ ദേശീയ മാദ്ധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുന്നത്. പാകിസ്താന് ഇതൊക്കെ പറയാൻ എളുപ്പമാണെങ്കിലും പ്രാവർത്തികമാക്കാൻ പ്രയാസമാണെന്ന് ഇന്ത്യൻ നയതന്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നു . മോദി സർക്കാർ പാകിസ്താ നുമായി അനുരഞ്ജനത്തിന് തയ്യാറാണോ എന്ന് ഉറപ്പുപറയാനാവില്ല. ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി വ്യാപാര ബന്ധത്തിന് ഇന്ത്യ തയ്യാറല്ലെന്ന് മോദി സർക്കാർ അന്താരാഷ്‌ട്ര വേദികളിൽ ആവർത്തിച്ച് വ്യക്തമാക്കിയതാണ്.
പുതിയ ദേശീയ സുരക്ഷാ നയം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെള്ളിയാഴ്ച പുറത്തിറക്കും. ദേശീയ സുരക്ഷാ നയത്തിന്റെ ഒരു ഭാഗം മാത്രമെ പാകിസ്താൻ പരസ്യമാക്കുകയുള്ളൂ. സുരക്ഷാ നയം രൂപീകരിക്കുന്നതിൽ പാകിസ്താൻ സൈന്യമാണ് നിർണ്ണായക പങ്കു വഹിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
















Comments