വയനാട്: വയനാട്ടിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ പിടിയിലായതിന് ശേഷം കിർമാണി മനോജ് നടത്തിയ പ്രതികരണത്തിൽ അമ്പരന്ന് പോലീസുകാർ. ലഹരിപ്പാർട്ടി പോലെയുള്ള ചെറിയ കേസിൽ പെട്ടത് നാണക്കേടായെന്നാണ് കിർമാണി മനോജ് പോലീസുകാരോട് പറഞ്ഞത്. ക്വട്ടേഷൻ പരിപാടികൾക്കിടെ പരിചയപ്പെട്ട കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാർഷിക ആഘോഷത്തിൽ സൗഹൃദം മുൻനിർത്തിയാണ് എത്തിയതെന്നും, ചെറിയ കേസിലെല്ലാം പെട്ടത് തനിക്ക് നാണക്കേട് ആയെന്നും കിർമാണി മനോജ് പറഞ്ഞതായാണ് പോലീസുകാർ പറയുന്നത്.
2021 മെയ് അഞ്ചിനാണ് കിർമാണി മനോജ് ജയിലിൽ നിന്നും പരോളിൽ പുറത്തിറങ്ങിയത്. കഴിഞ്ഞ ഒമ്പത് മാസമായി ഇയാൾ പുറത്താണ്. കൊറോണ നിയന്ത്രണങ്ങളുടെ ഇളവുകളുടെ പേരിലാണ് കിർമാണി മനോജ് അടക്കം 1201 പേർക്ക് പരോൾ അനുവദിച്ചത്. 2021 സെപ്തംബറിൽ തിരിച്ചു കയറണമെന്ന് തടവുകാർക്ക് ഉത്തരവ് നൽകിയിരുന്നു. എന്നാൽ ചില തടവുകാർ ഇതിനെതിരെ കോടതിയിൽ പോയി സ്‌റ്റേ വാങ്ങി. ഈ സ്‌റ്റേയുടെ ആനുകൂല്യം പറഞ്ഞാണ് മനോജ് പുറത്ത് തുടരുന്നത്.
കിർമാണി മനോജ് ഉൾപ്പെടെയുള്ള സംഘം വിവാഹ വാർഷിക ആഘോഷത്തിൽ പങ്കെടുക്കുമെന്ന സൂചന ലഭിച്ചതോടെ റിസോർട്ടും പരിസരവും നേരത്തെ തന്നെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയിൽ തുടങ്ങിയ മാരക ലഹരിമരുന്നുകൾ സംഘത്തിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ മനോജ് ഉൾപ്പെടെ 16 പേരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
Comments