കൊറോണ മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. മഹാമാരിയെ ചെറുക്കാൻ വാക്‌സിൻ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഒരുവിഭാഗം ആളുകൾ ഇന്നും വാക്‌സിന് എതിരാണ്. വാക്‌സിൻ എടുക്കരുതെന്നാണ് ഇത്തരക്കാർ ആവശ്യപ്പെടുന്നത്. ഇവർ വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയും എടുക്കുന്നവരെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പിന്തിരിപ്പിക്കുകയും ചെയ്യുന്നു. പ്രമുഖ അമേരിക്കൻ വാക്‌സിൻ വിരുദ്ധ പ്രചാരകൻ ക്രിസ്റ്റഫർ കീ അടുത്തിടെ അനുയായികളോട് ആവശ്യപ്പെട്ടതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
അനുയായികളോട് കൊറോണ ഭേദമാകാൻ സ്വന്തം മൂത്രം കുടിക്കാനാണ് ക്രിസ്റ്റഫർ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ടെലഗ്രാം അക്കൗണ്ടിൽ അവസാനം പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ക്രിസ്റ്റഫർ ഇക്കാര്യം പറയുന്നത്. മൂത്രിചികിത്സ എന്നാണ് കൊറോണയ്‌ക്കെതിരായ ചികിത്സാ രീതിയെ ക്രിസ്റ്റഫർ വിശേഷിപ്പിച്ചത്. ഇതുസംബന്ധിച്ച് നിരവധി ഗവേഷകർ പഠനം നടത്തിയെന്നും മികച്ച ഫലപ്രാപ്തിയാണ് കണ്ടതെന്നും ഇയാൾ അവകാശപ്പെടുന്നു.
‘നിങ്ങളിൽ പലർക്കും ഇതെന്ത് ഭ്രാന്തെന്ന് തോന്നിയേക്കാം. പക്ഷെ സുഹൃത്തുക്കളേ ദൈവം നമുക്ക് ആവശ്യമുള്ളതെല്ലാം നൽകിയിട്ടുണ്ട്. അതിനാൽ നിങ്ങൾ നിങ്ങളുടെ മൂത്രം കുടിക്കുക. കൊറോണയിൽ നിന്നും അത് നിങ്ങളെ രക്ഷിക്കും’ എന്നാണ് ക്രിസ്റ്റഫർ പറയുന്നത്. വാക്‌സിൻ താൻ കണ്ടതിൽവെച്ച് ഏറ്റവും വലിയ ജൈവായുധമാണെന്നാണ് ക്രിസ്റ്റഫർ പറയുന്നത്.
താൻ സ്വന്തം മൂത്രമാണ് കുടിക്കുന്നതെന്നും ക്രിസ്റ്റഫർ പറയുന്നു. വാക്‌സിൻ വിരുദ്ധതയിൽ വിശ്വസിക്കുന്ന പലരും അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ച സമയത്താണ് ക്രിസ്റ്റഫറിന്റെ പ്രസ്താവന ചർച്ചയാകുന്നത്. വലിയ വിമർശനമാണ് ക്രിസ്റ്റഫറിനെതിരെ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച്ച വാക്‌സിൻ വിരുദ്ധതയെ പിന്തുണയ്‌ക്കുന്ന ഡഗ് കുസ്മ എന്ന പോഡ് കാസ്റ്റർ കൊറോണ ബാധിച്ച് മരിച്ചിരുന്നു.
Comments