കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു. നിർണ്ണായകമായ മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ ഇന്ത്യ ആതിഥേയരുടെ മുൻനിരക്കാരെ പറഞ്ഞയച്ചു. ആദ്യ സെഷനിൽ 3ന് 100 എന്ന നിലയിലാണ് പ്രോട്ടീസ് നിര. കഴിഞ്ഞ ടെസ്റ്റിലെ താരമായിരുന്ന നായകൻ ഡീൻ എൽഗർ(3), മർക്കറാം (8), കേശവ് മഹാരാജ്(25) എന്നിവരാണ് പുറത്തായത്.
മദ്ധ്യനിരയിൽ പിടിച്ചു നിൽക്കുന്ന കീഗൻ പീറ്റേഴ്‌സൺ(40) വാൻഡെർ ദ്യൂസെൻ(17) എന്നിവരാണ് സ്‌കോർ മൂന്നക്കത്തിലേക്ക് എത്തിച്ചത്. ഇന്ത്യക്കായി രണ്ടുവിക്കറ്റുകൾ ബുംമ്രയും ഒരെണ്ണം ഉമേഷ് യാദവുമാണ് വീഴ്‌ത്തിയത്.
ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ ബാറ്റിംഗിൽ വീണ്ടും തകരുന്ന കാഴ്ചയാണ് ആരാധകരെ നിരാശരാക്കുന്നത്. നായകൻ വിരാട് കോഹ്‌ലിയുടെ 79 റൺസും ഫോമിലേക്ക് പതുക്കെ മടങ്ങിവരുന്ന ചേതേശ്വർ പൂജാരയുടെ 43 റൺസുമാണ് മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്. മദ്ധ്യനിരയിൽ അജിങ്ക്യാ രഹാനെ(9), ഋഷഭ് പന്ത്(27) എന്നിവർ വീണ്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും ഇന്ത്യയുടെ ടെസ്റ്റ് നിലവാര തകർച്ച പ്രകടമാക്കുന്നുവെന്നാണ് വിലയിരുത്തൽ. അശ്വിനേയും(2) ഷാർദ്ദൂൽ ഠാക്കൂറിനേയും(12) നിലയുറപ്പിക്കാൻ സമ്മതിക്കാതിരുന്നതോടെ ദക്ഷിണാഫ്രിക്ക വിചാരിച്ചതിലും മുന്നേ ഇന്ത്യ മുട്ടുമടക്കി.
മികച്ച ഫോമിലേക്ക് തിരികെ എത്തിയ കാഗീസോ റബാഡയും(4 വിക്കറ്റ്) മാർകോ ജാൻസെ ന്നുമാണ്(3 വിക്കറ്റ്) ടീം ഇന്ത്യയെ കടപുഴക്കിയത്. ഒലിവറും എൻഗിഡിയും കേശവ് മഹാരാജും ഒരോ വിക്കറ്റുവീതം വീഴ്‌ത്തി.
















Comments