കോഴിക്കോട്:കൊറോണയുടെ പേരിൽ പരോളിലിറങ്ങിയ ജയിൽപുള്ളികളെ തിരികെ കയറ്റാൻ മടിച്ച് സംസ്ഥാന സർക്കാർ.ടിപി കേസ് പ്രതികളടക്കമുള്ള കൊടും കുറ്റവാളികൾ ജയിലിൽ നിന്ന് പരോളിലിറങ്ങി സുഖവാസം നയിക്കുമ്പോഴും കണ്ണടയ്‌ക്കുകയാണ് സർക്കാർ.
കഴിഞ്ഞ ദിവസം വയനാട്ടിലെ റിസോർട്ടിൽ വെച്ച് ലഹരിപാർട്ടിയ്‌ക്കിടെ മാരക ലഹരിമരുന്നുമായി ടിപി വധക്കേസ് പ്രതി കിർമാണി മനോജിനെയടക്കം പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് കൊടുംകുറ്റവാളികളുടെ ജയിലിന് പുറത്തെ സുഖവാസം വീണ്ടും ചർച്ചയാവുന്നത്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സുപ്രീം കോടതി നിർദ്ദേശ പ്രകാരം റിമാൻഡ് പ്രതികളടക്കം 1,100 പേർക്കും സംസ്ഥാന സർക്കാർ ഇടപെട്ട് 506 ജീവപര്യന്തം തടവുകാർക്കുമാണ് പരോൾ നൽകിയത്.സുപ്രീം കോടതി നിർദ്ദേശ പ്രകാരം പരോളിൽ വിട്ടവരെ നിർബന്ധിപ്പിച്ച് തിരികെ പ്രവേശിപ്പിക്കരുതെന്ന് ഉത്തരവുണ്ട്.ആ ആനുകൂല്യം തങ്ങൾക്കും വേണമെന്ന് അപ്പീലിലൂടെ ആവശ്യപ്പെട്ടാണ് പ്രത്യേക പരിഗണയിൽ സർക്കാർ പരോളനുവദിച്ച ജീവപര്യന്തം തടവുകാർ പോലും പുറത്ത് സുഖവാസം നയിക്കുന്നത്.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരിൽ കൊടി സുനിയും റഫീഖും ഒഴികെയുള്ള എട്ടു പ്രതികൾ പരോളിലറങ്ങി പുറത്ത് കഴിയാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി.പല കാലങ്ങളിലായി പ്രത്യേക പരിഗണന വേറെയും ലഭിച്ചു. ജയിൽ വകുപ്പ് തിരിച്ചെത്താൻ ആവശ്യപ്പെട്ടിട്ട് പോലും ഇവർ തിരിച്ചുകയറുന്നില്ല. അതിനെതിരേ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നാണ് പ്രധാന വിമർശനം.
സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം അതി രൂക്ഷമായി നിലനിൽക്കുകയും തലസ്ഥാന നഗരിയിലടക്കം ഗുണ്ടാ വിളയാട്ടം സാധാരണയാവുകയും ചെയ്ത സാഹചര്യത്തിലും കൊടും കുറ്റവാളികളെ ജയിലിന് പുറത്ത് സുഖവാസത്തിന് വിട്ട് സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നതെന്ന വിമർശനം വ്യാപകമാവുകയാണ് ഇപ്പോൾ.
Comments