നയ്‌റോബി: കാട്ടിലെ രാജാവായ സിംഹത്തെ പേടിക്കാത്തവരായി ആരുമില്ല. കാട്ടിലാണെങ്കിലും കൂട്ടിലാണെങ്കിലും സിംഹമെന്ന് കേൾക്കുമ്പോൾ ആരുമൊന്ന് ഞെട്ടും. നേരിട്ട് കണ്ടാൽ കൗതുകത്തോടെയും ആകാംക്ഷയോടെയും ഭയത്തോടെയും ആവും ഒന്ന് നോക്കുക പോലും. അപ്പോഴൊരു സിംഹം മുന്നിൽ വന്ന് നിന്നാലോ? ജീവനും കൊണ്ട് ഓടുന്നവരാകും ഭൂരിപക്ഷവും… എന്നാൽ പിന്നെ ഒരുകൂട്ടം സിംഹം മുന്നിൽ വന്ന് നിന്നാലുള്ള കാര്യം പറയേണ്ടതില്ലല്ലോ. ജീവനിൽ കൊതിയുള്ളവർ പേടിച്ചോടും.
എന്നാൽ ഇപ്പോഴിതാ ഒരുകൂട്ടം സിംഹങ്ങൾക്കൊപ്പം കൂളായി നടക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ആറ് സിംഹങ്ങൾക്കൊപ്പമാണ് പെൺകുട്ടി കാട്ടിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്. വിവിധ ആങ്കിളുകളിൽ നിന്നുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുകയാണ്. ആദ്യ ഫ്രെയ്മിൽ സിംഹങ്ങൾക്കൊപ്പം നടക്കുന്ന പെൺകുട്ടിയെ വീഡിയോയിൽ കാണാം. അടുത്തതിൽ ഒരു സിംഹത്തിന്റെ വാലിൽ പിടിച്ച് കൂളായി നടക്കുന്നതാണ് കാണുന്നത്.
കെനിയയിൽ നിന്നുള്ളതാണ് വീഡിയോ. ‘നിങ്ങളുടെ ജീവിതത്തിൽ ഭയപ്പെടുത്തുന്ന എന്തെങ്കിലും കാര്യങ്ങൾ എപ്പോഴെങ്കിലും ചെയ്യുക’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്. സഫാരി ഗാലറി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. പെൺകുട്ടിയേയും വീഡിയോ ചിത്രീകരിച്ച ആളേയും പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
















Comments