മലപ്പുറം: എടപ്പാൾ മേൽപ്പാലം ഉദ്ഘാടനത്തിൽ പങ്കെടുത്ത ഏഴ് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. കൊറോണ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി വൻ ജനക്കൂട്ടമായിരുന്നു പാലം ഉദ്ഘാടനത്തിന് എത്തിയത്. മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെയ്‌ക്കുകയും ചെയ്തിരുന്നു.
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. എടപ്പാളിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കാനാണ് മേൽപ്പാലം നിർമ്മിച്ചത്. തൃശൂർ റോഡിൽ നിന്ന് മന്ത്രി നാട മുറിച്ചാണ് പാലം ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പാലത്തിലൂടെ നടക്കുകയും ചെയ്തു.
സാമൂഹ്യ അകലമോ മറ്റ് നിയന്ത്രണ മാനദണ്ഡങ്ങളോ പാലിക്കാതെ പാലത്തിലൂടെ നടക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ചരിത്രത്തിലാദ്യമായി കൊറോണയ്‌ക്ക് ‘കാലു കുത്താൻ ഇടമില്ലാത്ത’ പാലം നിർമിച്ച് സർക്കാർ എന്ന് തുടങ്ങിയ ട്രോൾ കമന്റുകളോടെ ഈ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തു.
പോലീസുകാർ ഉണ്ടായിരുന്നെങ്കിലും മന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാൽ കർശന നിയന്ത്രണത്തിന് മുതിർന്നില്ല. പരിപാടിക്ക് എത്തിയവരിൽ അധികവും സിപിഎം അനുഭാവികളും പ്രവർത്തകരും കുടുംബാംഗങ്ങളുമായിരുന്നു.
കൊറോണയുടെ സമൂഹവ്യാപനത്തിന് പരിപാടി വഴിയൊരുക്കുമെന്ന് അന്ന് മുതൽ ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരിപാടി നടക്കുന്നതിന്റെ തലേന്ന് എടപ്പാൾ ഗവൺമെന്റ് ആശുപത്രിയിൽ പരിശോധനയ്‌ക്ക് വിധേയരായ ഏതാനും പേർക്ക് പിന്നീട് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പരിശോധനയ്‌ക്ക് ശേഷം ഫലം കാത്തിരിക്കവേ ഇവർ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
പിറ്റേന്ന് മുതൽ കൊറോണ ലക്ഷ്ണങ്ങൾ കണ്ടതിനെ തുടർന്ന് പരിപാടിക്ക് ശേഷം പരിശോധന നടത്തിയ ചിലർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം രോഗികളുടെ എണ്ണം ഉയരുമെന്ന ആശങ്കയിൽ വ്യാപക പരിശോധന ഒഴിവാക്കുകയാണെന്നും ആക്ഷേപം ഉണ്ട്. കോഴിക്കോട്- തൃശൂർ റോഡിന് മുകളിൽ എടപ്പാൾ ജംഗ്ഷനിലാണ് കിഫ്ബിയിൽ നിന്ന് 13.68 കോടി രൂപ ചെലവഴിച്ച് പാലം നിർമിച്ചിരിക്കുന്നത്.
















Comments