നവാഗത സംവിധായകൻ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ,ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാന് ലഭിക്കുന്നത് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ.ആദ്യ ദിനം പിന്നിട്ടതോടെ മികച്ച റിവ്യൂകളാണ് സോഷ്യൽ മീഡിയയിൽ പങ്കു വയ്‌ക്കപ്പെടുന്നത്.വ്യത്യസ്‍തമായ തിരക്കഥയിലൂടെ സിനിമ കുടുംബ പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലുന്നുന്നുണ്ട്.പതിവിന് വിരുദ്ധമായി മസിൽമാൻ കഥാപാത്രത്തിൽ നിന്നുമുള്ള ഉണ്ണി മുകുന്ദന്റെ കൂടുമാറ്റം ചിത്രത്തിന്റെ പ്രത്യേകതയാണ്.
അണിയറ
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം നവാഗത സംവിധായകനായ വിഷ്ണു മോഹൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത് . തിരക്കഥയും, സംഭാഷണവും വിഷ്ണു മോഹൻ തന്നെയാണ് .അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.സൈജു കുറുപ്പ് വ്യത്യസ്തമായ കഥാപാത്രവുമായി സിനിമയെ സമ്പന്നമാക്കുന്നുണ്ട്.
നിഷ സാരംഗ് അജു വർഗീസ്,ഇന്ദ്രൻസ്,കലാഭവൻ ഷാജോൺ,കോട്ടയം രമേശ്, തുടങ്ങിയവരും മികച്ച അഭിനയ മുഹൂർത്തങ്ങൾ നൽകുന്നുണ്ട്.
തിരക്കഥ
ആരെയും പിടിച്ചിരുത്തുന്ന രീതിയിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്.നമുക്ക് ചുറ്റും കാണുന്ന വ്യക്തികളെ റിയലിസ്റ്റിക്കായി മികച്ച തിരക്കഥയോടെ ഒരുക്കിയിരിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത.പ്രേക്ഷകന് ഒട്ടും മടുപ്പ് തോന്നാത്ത രീതിയിൽ ദ്രുതഗതിയിൽ ആണ് സിനിമ പുരോഗമിക്കുന്നത്
എളുപ്പത്തിൽ പണം ഉണ്ടാക്കാൻ ശ്രമിക്കുന്ന മലയാളികളുടെ പൊതു സ്വഭാവം,ലളിതമായി ജീവിക്കുന്നവരെ കുഴിയിൽ ചാടിക്കുന്ന സ്ഥലക്കച്ചവടക്കാർ,മറ്റുള്ളവന്റെ വീഴ്ച മുതലാക്കി പരമാവധി ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന,കുടില തന്ത്രങ്ങളുമായി ജീവിക്കുന്ന പുത്തൻ പണക്കാർ,ശരണക്കാരനെ മനസ്സിലാക്കാൻ ശ്രമിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ,ഇങ്ങിനെ നമുക്ക് ചിര പരിചിതമായ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് മേപ്പടിയാൻ.സ്വാഭാവിക ഒഴുക്കിൽ അപ്രതീക്ഷിത ട്വിസ്റ്റും സംവിധായകൻ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട് .തീയേറ്ററിലെത്തുന്ന കുടുംബ പ്രേക്ഷകരെ സിനിമ നിരാശപ്പെടുത്തുന്നില്ല
സംവിധായക വേഷമണിഞ്ഞു മലയാള സിനിമ ലോകത്തേക്കുള്ള വിഷ്ണു മോഹന്റെ വരവ് വെറുതെയാവില്ല എന്ന് സിനിമ അരക്കിട്ടുറപ്പിക്കുന്നുണ്ട്.ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മാതാവിന്റെ വേഷമണിയുന്നു എന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്.പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ സന്തുഷ്ടരാണ് സിനിമയുടെ അണിയറ പ്രവർത്തകരും.
Comments