ന്യൂഡൽഹി: ആർമി ഡേയിൽ സൈനികർക്ക് ആശംസ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും. വിശിഷ്ട ദിവസത്തിൽ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാ ആശംസകളും അറിയിക്കുന്നതായി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.
ദേശസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിന് പരമപ്രധാന സ്ഥാനമാണെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. അതിർത്തി കാക്കുന്നതിലും സമാധാനപാലനത്തിലും നമ്മുടെ സൈനികർ ത്യാഗവും ശൗര്യവും തികഞ്ഞ പ്രൊഫഷണലിസവുമാണ് പ്രകടിപ്പിക്കുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. സൈനികരുടെ സേവനത്തിന് രാജ്യം നന്ദിയുളളവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർമി ഡേയിൽ ആശംസകൾ അർപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ശൗര്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും പേരിലാണ് ഇന്ത്യൻ സൈന്യം അറിയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശസുരക്ഷയ്‌ക്കായുളള സൈന്യത്തിന്റെ അമൂല്യ സംഭാവനകൾ വാക്കുകൾക്ക് അതീതമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ അറിയിക്കുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ശൗര്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും പേരിൽ പ്രശസ്തമാണ് നമ്മുടെ സൈന്യമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിരോധിക്കാനുളള അവരുടെ പ്രതിബദ്ധത അചഞ്ചലമാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. രാജ്യം ഇന്ത്യൻ സൈന്യത്തെക്കുറിച്ച് ഏറെ അഭിമാനിക്കുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഉപരാഷ്‌ട്രപതിയും കേന്ദ്രമന്ത്രിമാരും സൈനികർക്കും കുടുംബങ്ങൾക്കും ആശംസകൾ നേർന്നിട്ടുണ്ട്.
















Comments