തിരുവനന്തപുരം: ഒന്നാം പിറണായി സർക്കാരുമായി പുതിയ സർക്കാരിനെ താരതമ്യം ചെയ്യരുതെന്ന് അഭ്യർത്ഥിച്ച് സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാവകാശം നൽകണമെന്നും കുറവുകൾ പരിഹരിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു.
കഴിഞ്ഞ സർക്കാരിലും മന്ത്രിമാരിൽ പുതുമുഖങ്ങൾ ഉണ്ടായിരുന്നു. സമയം നൽകിയാൽ ഈ മന്ത്രിസഭയിൽ ഉള്ളവരും അതുപോലെ ശോഭിക്കുമെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ട വിമർശനങ്ങളേയും കോടിയേരി പ്രതിരോധിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയെന്നാണ് പ്രതിനിധികൾ ഉന്നയിച്ച വിമർശനം.
അതേസമയം ആരോഗ്യ- തദ്ദേശഭരണ വകുപ്പുകൾക്കെതിരായ വിമർശനം കോടിയേരി തള്ളിയില്ല. വിമർശനങ്ങൾ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തും. ജനകീയ പ്രശ്‌നങ്ങളിൽ പോലീസ് സ്‌റ്റേഷനിൽ പോകാൻ തടസ്സമില്ല. എന്നാൽ മാഫിയകൾക്ക് വേണ്ടി ഒരിക്കലും ഇടപെടരുത്. പോലീസിൽ എക്കാലത്തും പ്രശ്‌നങ്ങൾ ഉണ്ടെന്നും കോടിയേരി പറഞ്ഞു.
ഈ സർക്കാർ അത്രപോരെന്നും മന്ത്രിമാരുടെ ഓഫീസിൽ നിന്നും സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നുവെന്നാണ് സമ്മേളനത്തിൽ ഉയർന്ന വിമർശനം. സാധാരണക്കാരൻ വന്ന് കാണുമ്പോൾ സഹായം ചെയ്യേണ്ടത് പാർട്ടിയാണ്. ജനങ്ങളുടെ ആവശ്യത്തിനാണ് മന്ത്രിമാരുടെ ഓഫീസിൽ പോകുന്നത്. എന്നാൽ ആരുടേയോ ക്വട്ടേഷനുമായി വന്നിരിക്കുന്നു എന്ന ധാരണയിലുള്ള സംസാരമാണ് അവിടെയുള്ള ഉദ്യോഗസ്ഥരുടേത്. സാധാരണ പാർട്ടി അംഗങ്ങളുടെ കൂടി വിയർപ്പാണ് ഈ സർക്കാർ എന്ന് മനസിലാക്കണമെന്നും പ്രതിനിധികൾ പറഞ്ഞിരുന്നു.
വരുന്നത് സഖാക്കളാണെന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകാൻ വേണ്ട ഇടപെടൽ നടത്തണം. എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന കാലത്ത് പോലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ അതുപോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണ്. പാർട്ടി ഇടപെടലില്ലാത്ത സർക്കാർ എന്നത് പ്രാദേശിക നേതൃത്വത്തിലുള്ളവർക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്നും അഭിപ്രായം ഉയർന്നിരുന്നു.
















Comments