തിരുവനന്തപുരം : കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മെഗാതിരുവാതിര സംഘടിപ്പിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി സിപിഎം. സ്വാഗതസംഘം കൺവീർ അജയകുമാർ ആയിരുന്നു സംഭവത്തിൽ ക്ഷമ ചോദിച്ചത്. കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ സിപിഎം സംഘടിപ്പിച്ച തിരുവാതിരയുമായി ബന്ധപ്പെട്ട വിമർശനങ്ങളും വിവാദങ്ങളും തുടരുകയാണ്. ഇതിനിടെയാണ് ക്ഷമാപണവുമായി പാർട്ടി രംഗത്ത് വന്നത്.
തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാനിക്കുന്നതിന് മുൻപായിരുന്നു ക്ഷമാപണം. 14 മുതൽ 16 വരെയായിരുന്നു ജില്ലാ സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാല ഏരിയ കമ്മിറ്റിയാണ് മെഗാതിരുവാതിര സംഘടിപ്പിച്ചത്.
സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള ജില്ലകളിൽ ഒന്ന് തിരുവനന്തപുരമാണ്. ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ പ്രവർത്തി പൊതുജനാരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നായിരുന്നു പ്രധാന വിമർശനം. പരാപാടി അനൗചിത്യമായിരുന്നുവെന്നു വിമർശനം ഉയർന്നുവന്നിരുന്നു. കൊല്ലപ്പെട്ട ഇടുക്കി സർക്കാർ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ധീരജിന്റെ സംസ്‌കാരചടങ്ങുകൾക്കിടെയായിരുന്നു സിപിഎമ്മിന്റെ തിരുവാതിര. ഇത് പാർട്ടിയ്‌ക്കുള്ളിലെ മുറുമുറുപ്പിനും കാരണമായിരുന്നു.
500 ലധികം പേരെ പങ്കെടുപ്പിച്ചായിരുന്നു ഏരിയാ കമ്മിറ്റി തിരുവാതിര സംഘടിപ്പിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും മാസ്‌ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ചയുണ്ടായി. നിലവിൽ കൊറോണ വ്യാപനം തടയാൻ സർക്കാർ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കിവരുന്നത്. ഇതിനിടെയാണ് സിപിഎം നിയന്ത്രണങ്ങൾ ലംഘിച്ചത്. അതേസമയം സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് അംഗം സലൂജ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 550 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഡിസിസി വൈസ് പ്രസിഡന്റ് എം മുനീറിന്റെ പരാതിയിൽ പാറശ്ശാല പോലീസിന്റേതാണ് നടപടി.പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
















Comments